കാൻബറ: മലയാളസിനിമയ്ക്കും രാജ്യത്തിനുമൊട്ടാകെ അഭിമാന നിമിഷത്തിൽ ഇന്ത്യൻ ഇതിഹാസ നടൻ മമ്മൂട്ടിയെ ഓസ്‌ട്രേലിയൻ നാഷണൽ പാർലമെന്റ് ആദരിച്ചു.
കാൻബറയിലെ ഓസ്‌ട്രേലിയൻ പാർലമെന്റിൽ നടന്ന പ്രത്യേക ചടങ്ങിൽ ‘പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ’ മോളിവുഡ് സൂപ്പർസ്റ്റാറിന്റെ മുഖം ഉൾക്കൊള്ളുന്ന 10,000 വ്യക്തിഗത സ്റ്റാമ്പുകൾ ഔദ്യോഗികമായി പുറത്തിറക്കി.
ഓസ്‌ട്രേലിയ-ഇന്ത്യ ബിസിനസ് കൗൺസിലുമായി സഹകരിച്ച് പുറത്തിറക്കിയ സ്റ്റാമ്പ് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസിന്റെ പ്രതിനിധിയും പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യയുടെ ചെയർമാനുമായ ഡോ ആൻഡ്രൂ ചാൾട്ടൺ എംപിയാണ് പ്രകാശനം ചെയ്തത്. ഓസ്‌ട്രേലിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ മൻപ്രീത് വോറ ആദ്യ സ്റ്റാമ്പ് ഏറ്റുവാങ്ങി. ചടങ്ങിനെ അഭിസംബോധന ചെയ്ത് ആൻഡ്രൂ ചാൾട്ടൺ എംപി ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ അഭിനന്ദന സന്ദേശവും വായിച്ചു.
ഇന്ത്യൻ സംസ്‌കാരത്തിന്റെ മുഖമായാണ് ഓസ്‌ട്രേലിയൻ സർക്കാർ മമ്മൂട്ടിയെ കണക്കാക്കുന്നതെന്ന് പറഞ്ഞ ആൻഡ്രൂ ചാൾട്ടൺ, നടനെ ആദരിക്കുന്നതിലൂടെ, അവർ തീർച്ചയായും ഇന്ത്യയുടെ മഹത്തായ സംസ്‌കാരത്തെ ബഹുമാനിക്കുകയാണെന്ന് പറഞ്ഞു.
ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള വ്യാപാര, വാണിജ്യ, സാംസ്‌കാരിക ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഓസ്‌ട്രേലിയൻ നാഷണൽ പാർലമെന്റിലെ എംപിമാരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സമിതിയാണ് ‘പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ’. ഓരോ ഇന്ത്യൻ സെലിബ്രിറ്റിയും മമ്മൂട്ടി താൻ വളർന്ന സമൂഹത്തിന് വേണ്ടി ചെയ്തുകൊണ്ടിരിക്കുന്നത് അനുകരിക്കണമെന്ന് ഓസ്‌ട്രേലിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ മൻപ്രീത് വോറ ചടങ്ങിൽ പറഞ്ഞു.
ഓസ്‌ട്രേലിയയിലെ ഇന്ത്യൻ പ്രവാസികളുടെ രക്ഷിതാക്കൾക്കായി മമ്മൂട്ടി ആരംഭിച്ച ‘ഫാമിലി കണക്ട്’ പദ്ധതി പ്രശംസനീയമായ ഒരു സംരംഭമാണെന്ന് അൽബനീസ് മന്ത്രാലയത്തിൽ കൃഷി, മത്സ്യബന്ധനം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന സെനറ്റർ മുറെ വാട്ട് അഭിപ്രായപ്പെട്ടു.
വാണിജ്യ-ടൂറിസം മന്ത്രി ഡോൺ ഫാരെൽ, ഇന്ത്യയിൽ നിയുക്ത ഓസ്‌ട്രേലിയൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ഡാനിയൽ മക്കാർത്തി, പാർലമെന്ററി കമ്മിറ്റി ഡെപ്യൂട്ടി ചെയർ ജൂലിയൻ ലെഷർ, സെന്റർ ഫോർ ഓസ്‌ട്രേലിയ ഇന്ത്യ റിലേഷൻസ് സിഇഒ ടിം തോമസ്, എഐബിസി നാഷണൽ അസോസിയേറ്റ് ചെയർ ഇർഫാൻ മാലിക്, ഫാമിലി കണക്റ്റ് നാഷണൽ കോർഡിനേറ്ററും വേൾഡ് മലയാളിയുമായ ഡോ. കൗൺസിൽ റീജിയണൽ ചെയർമാൻ കിരൺ ജെയിംസ്, മമ്മൂട്ടിയുടെ പ്രതിനിധിയും കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഡയറക്ടറുമായ റോബർട്ട് കുര്യാക്കോസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
നിരവധി ഓസ്‌ട്രേലിയൻ എംപിമാർ, സെനറ്റ് അംഗങ്ങൾ, ഹൈക്കമ്മീഷണറുടെ ഓഫീസിലെ ഉദ്യോഗസ്ഥർ, ഓസ്‌ട്രേലിയയിലെ വിവിധ ഇന്ത്യൻ സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികൾ തുടങ്ങി നൂറ്റമ്പതോളം പേർ പരിപാടിയിൽ പങ്കെടുത്തു.
ഓസ്‌ട്രേലിയ പോസ്റ്റിന്റെ വ്യക്തിഗതമാക്കിയ ഡിവിഷൻ പുറത്തിറക്കിയ സ്റ്റാമ്പുകൾ ഇന്ന് മുതൽ വിപണിയിൽ ലഭ്യമാകും. വരും മാസങ്ങളിൽ മമ്മൂട്ടിയുടെ മുഖമുള്ള സ്റ്റാമ്പുകൾ വിവിധ പ്രാദേശിക പത്രങ്ങൾ വഴി ഇവിടത്തെ വീടുകളിൽ എത്തിക്കും.