ഇസ്ലാമാബാദ്, പാകിസ്ഥാൻ: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ തിരക്കേറിയ കോടതി കെട്ടിടത്തിന് പുറത്ത് നടന്ന ചാവേറാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചിലരുടെ നില ഗുരുതരമായി തുടരുകയാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
സംഭവസ്ഥലം സന്ദർശിച്ച ആഭ്യന്തരമന്ത്രിയുടെ വിശദീകരണം അനുസരിച്ച്, കോടതി കെട്ടിടത്തിനകത്തേക്ക് കാൽനടയായി പ്രവേശിക്കാൻ ശ്രമിച്ച ചാവേർ, പ്രവേശന കവാടത്തിന് പുറത്ത് 10 മുതൽ 15 മിനിറ്റ് വരെ കാത്തുനിന്ന ശേഷമാണ് സ്ഫോടനം നടത്തിയത്. ഒരു പോലീസ് വാഹനത്തിന് അടുത്തുവെച്ചാണ് സ്ഫോടനം നടന്നത്.
“ഞങ്ങൾ ഈ സംഭവം വിവിധ കോണുകളിൽ നിന്ന് അന്വേഷിക്കുകയാണ്. ഇത് മറ്റൊരു സാധാരണ ബോംബാക്രമണം മാത്രമല്ല. ഇത് ഇസ്ലാമാബാദിൽ തന്നെ സംഭവിച്ചിരിക്കുന്നു,” തലസ്ഥാനത്തെ ആക്രമണത്തിന്റെ ഗൗരവം അടിവരയിട്ട് മൊഹ്‌സിൻ നഖ്‌വി മാധ്യമങ്ങളോട് പറഞ്ഞു.
വക്കീലന്മാരും പോലീസുകാരും നിരവധി കക്ഷികളും തിങ്ങിനിറഞ്ഞിരിക്കുന്ന ഇസ്ലാമാബാദ് ജില്ലാ കോടതിയുടെ പ്രവേശന കവാടത്തിന് സമീപമാണ് സ്ഫോടനം നടന്നത്. രക്തത്തിൽ കുളിച്ച ആളുകൾ പോലീസ് വാനിനടുത്ത് കിടക്കുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പ്രാദേശിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

