ഡബ്ലിൻ, അയർലൻഡ് – വധശ്രമം, മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതികളായ 11 പേരെ അന്താരാഷ്ട്ര അറസ്റ്റ് വാറന്റിന്റെ അടിസ്ഥാനത്തിൽ ഗാർഡൈ (Gardaí) അറസ്റ്റ് ചെയ്തു.
നവംബർ 3 മുതൽ 5 വരെയുള്ള ദിവസങ്ങളിലായി ഡബ്ലിൻ, കാവൻ, മീത്ത്, മോനഗൻ എന്നീ കൗണ്ടികളിൽ വെച്ചാണ് അറസ്റ്റുകൾ നടന്നത്. ഗാർഡാ എക്സ്ട്രഡിഷൻ യൂണിറ്റിന്റെ (Garda Extradition Unit) നേതൃത്വത്തിൽ ഗാർഡാ നാഷണൽ ബ്യൂറോ ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ മറ്റ് വിഭാഗങ്ങളുടെ സഹായത്തോടെയാണ് ഓപ്പറേഷൻ പൂർത്തിയാക്കിയത്.
വടക്കൻ അയർലൻഡ്, പോളണ്ട്, റൊമാനിയ, നെതർലാൻഡ്സ്, ഇറ്റലി, ഹംഗറി, ജർമനി, ലിത്വാനിയ തുടങ്ങിയ രാജ്യങ്ങളിൽ പ്രതികൾ നടത്തിയ വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
അറസ്റ്റിലായ 11 പേർക്കെതിരെ ചുമത്തിയിട്ടുള്ള പ്രധാന കേസുകൾ ഇവയാണ്:
- വധശ്രമം (Attempted Murder)
- മനുഷ്യക്കടത്ത് (Human Trafficking)
- മയക്കുമരുന്ന് വിതരണം
- തട്ടിക്കൊണ്ടുപോകൽ (Kidnapping)
- നിയമവിരുദ്ധ കുടിയേറ്റത്തിന് സഹായം ചെയ്യൽ
- മോഷണം, റോഡ് ഗതാഗത നിയമലംഘനങ്ങൾ
അറസ്റ്റിലായ എല്ലാവരെയും തുടർ നടപടികൾക്കായി ഹൈക്കോടതിയിൽ ഹാജരാക്കി.

