ബർലിൻ – യൂറോപ്യൻ രാജ്യങ്ങളിൽ ശൈത്യകാല സമയം (വിന്റർ ടൈം) നാളെ, ഒക്ടോബർ 26, ഞായറാഴ്ച പുലർച്ചെ നിലവിൽ വരും. ഇതനുസരിച്ച് ക്ലോക്കുകളിലെ സമയം ഒരു മണിക്കൂർ പിന്നോട്ട് മാറ്റും. പുലർച്ചെ 3 മണി എന്നുള്ളത് 2 മണിയായി പുനഃക്രമീകരിക്കുന്നതോടെ വർഷത്തിലെ ഏറ്റവും നീളം കൂടിയ രാത്രിയാണ് യൂറോപ്പിന് ലഭിക്കുക. ഒക്ടോബർ മാസത്തിലെ അവസാനത്തെ ഞായറാഴ്ച പുലർച്ചെയാണ് യൂറോപ്പിൽ ഈ സമയമാറ്റം നടത്തുന്നത്.
ജർമനിയിലെ ബ്രൗൺഷൈ്വഗിലുള്ള ഭൗതിക ശാസ്ത്രസാങ്കേതിക കേന്ദ്രമാണ് (PTB – Physikalisch-Technische Bundesanstalt) ഈ സമയമാറ്റം നിയന്ത്രിക്കുന്നത്. ഫ്രാങ്ക്ഫർട്ടിലെ പ്രത്യേക ടവറിൽ നിന്ന് സിഗ്നലുകൾ പുറപ്പെടുവിച്ചാണ് സ്വയം ചലിക്കുന്ന ക്ലോക്കുകൾ പ്രവർത്തിപ്പിക്കുന്നത്.
1980-ലാണ് ജർമനിയിൽ ഈ സമയമാറ്റ പ്രക്രിയ ആരംഭിച്ചത്. നിലവിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെല്ലാം ഈ സമയക്രമീകരണം നടപ്പിലാക്കുന്നുണ്ട്. മധ്യയൂറോപ്യൻ സമയവുമായി (Central European Time – CET) തുല്യത പാലിക്കാൻ ഈ മാറ്റം സഹായിക്കും. പകലിന് നീളം കുറയുന്നതിനെ അടിസ്ഥാനമാക്കിയാണ് വിന്റർ ടൈം ക്രമീകരിക്കുന്നത്.
ജോലി സമയത്തിലെ മാറ്റം: ശൈത്യസമയം മാറുമ്പോൾ രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഒരു മണിക്കൂർ അധികമായി ജോലി ചെയ്യേണ്ടിവരും. ഇത് ഓവർടൈമായി കണക്കാക്കി വേതനത്തിൽ ഉൾപ്പെടുത്തും. അടുത്ത വർഷം 2026 മാർച്ച് 29-ന് ക്ലോക്കുകൾ ഒരു മണിക്കൂർ മുന്നോട്ട് മാറ്റിക്കൊണ്ട് വേനൽക്കാല സമയം (സമ്മർ ടൈം) ക്രമീകരിക്കും. സമ്മർ ടൈം മാറുന്ന ദിവസം നൈറ്റ് ഡ്യൂട്ടിയിലുള്ളവർക്ക് ഒരു മണിക്കൂർ ജോലി കുറവുണ്ടാകും.
ട്രെയിനുകൾ ഉൾപ്പെടെ രാത്രികാലങ്ങളിൽ സർവീസ് നടത്തുന്ന യാത്രാ സംവിധാനങ്ങളുടെ സമയക്രമീകരണം ഓട്ടോമാറ്റിക് സംവിധാനങ്ങൾ ഉപയോഗിച്ചാണ് ചിട്ടപ്പെടുത്തുന്നത്. ശൈത്യകാല സമയമനുസരിച്ച് ജർമൻ സമയവും ഇന്ത്യൻ സമയവും തമ്മിൽ നാലര മണിക്കൂറാണ് വ്യത്യാസം (ഇന്ത്യൻ സമയം മുന്നിലാണ്). വേനൽക്കാലത്ത് ഇത് മൂന്നര മണിക്കൂറായി കുറയും.
ബ്രിട്ടൻ, അയർലൻഡ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ ജർമൻ സമയത്തേക്കാൾ ഒരു മണിക്കൂർ പിന്നിലാണ്.

