ക്വൂടാങ്, ടിബറ്റ്: ടിബറ്റിലെ മൗണ്ട് എവറസ്റ്റിന്റെ കിഴക്കൻ ഭാഗത്തിനടുത്ത് കനത്ത മഞ്ഞുവീഴ്ചയിൽ കുടുങ്ങിയ നൂറുകണക്കിന് ട്രെക്കർമാരെ രക്ഷാപ്രവർത്തകർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിച്ചതായി ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹിമാലയൻ മേഖലയിൽ അസാധാരണമാംവിധം കനത്ത മഞ്ഞും മഴയുമാണ് രേഖപ്പെടുത്തിയത്.
ചൈനീസ് സ്റ്റേറ്റ് മീഡിയയായ സിസിടിവി റിപ്പോർട്ട് അനുസരിച്ച്, ഇന്നലെ വരെ 350 ട്രെക്കർമാർ ക്വൂടാങ് എന്ന ചെറിയ ടൗൺഷിപ്പിൽ എത്തിച്ചേർന്നു. ശേഷിക്കുന്ന 200-ൽ അധികം ട്രെക്കർമാരുമായി ബന്ധം സ്ഥാപിക്കാനായിട്ടുണ്ട്. ചൈനയിലെ എട്ടുദിവസത്തെ ദേശീയ ദിനാഘോഷത്തിന്റെ അവധി പ്രയോജനപ്പെടുത്തിയാണ് നൂറുകണക്കിന് സഞ്ചാരികൾ എവറസ്റ്റിന്റെ കിഴക്കൻ കാങ്ഷുങ് മുഖത്തേക്ക് നയിക്കുന്ന റിമോട്ട് കർമ്മ താഴ്വര സന്ദർശിക്കാനെത്തിയത്.
ഒക്ടോബർ മാസത്തിൽ ഉണ്ടാകാറുള്ളതിൽ നിന്നും വ്യത്യസ്തമായി കനത്ത മഞ്ഞുവീഴ്ച, ഇടിമിന്നൽ എന്നിവയോടെയാണ് ട്രെക്കർമാർ ദുരിതത്തിലായത്.
“മലനിരകളിൽ കനത്ത തണുപ്പും ഈർപ്പവുമായിരുന്നു. ഹൈപ്പോഥെർമിയ ഒരു യഥാർത്ഥ ഭീഷണിയായിരുന്നു,” സുരക്ഷിതമായി ക്വൂടാങിൽ എത്തിയ 18 പേരടങ്ങുന്ന ട്രെക്കിംഗ് ടീമിലെ അംഗമായ ചെൻ ഗെഷ്വാങ് പറഞ്ഞു. “ഈ വർഷത്തെ കാലാവസ്ഥ സാധാരണ നിലയിലല്ല. ഒക്ടോബറിൽ ഇങ്ങനെയൊരു കാലാവസ്ഥ മുൻപ് ഉണ്ടായിട്ടില്ലെന്ന് ഗൈഡ് പറഞ്ഞു. ഇത് വളരെ പെട്ടെന്നാണ് സംഭവിച്ചത്.”
വെള്ളിയാഴ്ച വൈകുന്നേരം ആരംഭിച്ച മഞ്ഞുവീഴ്ച ശനിയാഴ്ചയും തുടർന്നു. മഞ്ഞ് നീക്കം ചെയ്ത് വഴി സുഗമമാക്കാൻ നൂറുകണക്കിന് പ്രാദേശിക ഗ്രാമവാസികളെയും രക്ഷാപ്രവർത്തകരെയും നിയോഗിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി എവറസ്റ്റ് വിനോദസഞ്ചാര മേഖലയിലേക്കുള്ള പ്രവേശനവും ടിക്കറ്റ് വിൽപ്പനയും ശനിയാഴ്ച വൈകുന്നേരം മുതൽ നിർത്തിവച്ചു.
ടിബറ്റിന്റെ തെക്ക് ഭാഗത്തുള്ള നേപ്പാളിൽ കനത്ത മഴ മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും കാരണമായി. വെള്ളിയാഴ്ച മുതൽ ഇതുവരെ 47 പേർ മരിച്ചു. ഇന്ത്യയോട് ചേർന്നുകിടക്കുന്ന കിഴക്കൻ ഇലാം ജില്ലയിൽ മാത്രം മണ്ണിടിച്ചിലിൽ 35 പേർ മരിച്ചു. വെള്ളപ്പൊക്കത്തിൽ ഒമ്പത് പേരെ കാണാതായിട്ടുണ്ട്.

