ജറുസലം – ഹമാസിനെ നിരായുധീകരിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ചു. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന പദ്ധതിയിലൂടെയോ സൈനിക നടപടികളിലൂടെയോ ഹമാസിനെ നിരായുധീകരിക്കുമെന്നും നെതന്യാഹു വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.
ഹമാസ് വളരെക്കാലമായി ആവശ്യപ്പെടുന്ന ഗാസയിൽ നിന്നുള്ള സമ്പൂർണ്ണ പിൻമാറ്റം ഇസ്രയേൽ നടത്തില്ലെന്നും നെതന്യാഹു സൂചന നൽകി. തിങ്കളാഴ്ച ഈജിപ്തിൽ വെച്ച് ഇസ്രയേലും ഹമാസും തമ്മിൽ ചർച്ചകൾക്ക് ഒരുങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന്റെ നിർണ്ണായക പ്രതികരണം.
“ഇസ്രയേൽ സൈന്യം ഗാസയിൽ നിയന്ത്രിക്കുന്ന പ്രദേശങ്ങൾ നിലനിർത്തും. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ, നയതന്ത്രപരമായോ സൈനിക നടപടിയിലൂടെയോ ഹമാസിനെ ഞങ്ങൾ നിരായുധരാക്കും. കൂടുതൽ കാലതാമസം ഡോണൾഡ് ട്രംപ് അംഗീകരിക്കില്ല,” നെതന്യാഹു പറഞ്ഞു.
ഗാസയിലെ ബന്ദികളുടെ മോചനം സംബന്ധിച്ച വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. ഗാസയിൽ ശേഷിക്കുന്ന 48 ബന്ദികളിൽ 20 പേർ ജീവനോടെയുണ്ടെന്നാണ് ഇസ്രയേലിൻ്റെ കണക്ക്.
ഇസ്രയേലി ബന്ദികളെ വിട്ടയയ്ക്കാനും ഗാസയുടെ ഭരണം കൈമാറുന്നതിനും സന്നദ്ധത അറിയിച്ചുകൊണ്ട് ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന പദ്ധതിയിലെ ചില ഉപാധികൾ ഹമാസ് അടുത്തിടെ അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നെതന്യാഹുവിൻ്റെ പ്രതികരണം. അതേസമയം, മറ്റ് ഉപാധികളിൽ കൂടുതൽ ചർച്ച വേണമെന്നും ഹമാസ് അറിയിച്ചിട്ടുണ്ട്.
ഹമാസിൻ്റെ പ്രതികരണം സ്വാഗതം ചെയ്‌ത ട്രംപ്, ഗാസയിലെ ബോംബിങ് ഉടൻ നിർത്തണമെന്ന് ഇസ്രയേലിനോട് നിർദേശിക്കുകയും, സമാധാന പദ്ധതി എത്രയും വേഗം അംഗീകരിക്കണമെന്നും അല്ലെങ്കിൽ കടുത്ത നടപടികൾ ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. സമാധാന പദ്ധതി വേഗത്തിൽ നടപ്പിലാക്കണമെന്നും ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്നും കാലതാമസം പൊറുക്കില്ലെന്നും ട്രംപ് വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്.

