നാഷണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി നടപ്പിലാക്കുന്ന പാൻ-ഇന്ത്യ എമർജൻസി അലേർട്ട് സിസ്റ്റം പരിശോധിക്കുന്നതിനാണ് ഈ സന്ദേശം അയക്കുന്നത്. പൊതു സുരക്ഷ മെച്ചപ്പെടുത്താനും അടിയന്തര ഘട്ടങ്ങളിൽ ഉടനടി അലേർട്ടുകൾ നൽകാനും ഇത് ലക്ഷ്യമിടുന്നു.
ഒക്ടോബർ 10-ന് (ചിലയിടങ്ങളിൽ അതിനു മുൻപും), ഇന്ത്യയിലുടനീളമുള്ള മൊബൈൽ ഉപയോക്താക്കൾക്ക് ഇന്ത്യാ ഗവൺമെന്റിന്റെ ടെലികമ്മ്യൂണിക്കേഷൻ വകുപ്പിൽ നിന്ന് ഒരു സന്ദേശം ലഭിച്ചിരുന്നു. രാജ്യവ്യാപകമായി ഒരു എമർജൻസി അലേർട്ട് സിസ്റ്റം വിലയിരുത്താൻ ലക്ഷ്യമിട്ടുള്ള, സെൽ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റത്തിന്റെ സാമ്പിൾ ടെസ്റ്റ് ആയിരുന്നു ആ മെസ്സേജ്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുമായി സഹകരിച്ച് നടപ്പിലാക്കിയ ഈ സംരംഭം, അടിയന്തര ഘട്ടങ്ങളിൽ യഥാസമയം മുന്നറിയിപ്പ് നൽകിക്കൊണ്ട് പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന ഒന്നാണ്.
“Emergency alert: Extreme” എന്ന തലക്കെട്ടിലുള്ള അറിയിപ്പ് ഉടനടി ശ്രദ്ധ പിടിച്ചുപറ്റാൻ രൂപകൽപ്പന ചെയ്‌തതാണ്. ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് സന്ദേശത്തോടൊപ്പമുള്ള ഉച്ചത്തിലുള്ള ബസർ പോലുള്ള ശബ്ദം അനുഭവപ്പെട്ടിരുന്നു.
അതേപോലെ ഉച്ചത്തിലുള്ള ബസ്സർ ശബ്ദവും അടിയന്തര മുന്നറിയിപ്പടങ്ങിയ ഫ്ലാഷ് മെസ്സേജും നാളെയും കേരളത്തിലെ ഉപയോക്താക്കളുടെ ഫോണുകളിൽ ഒരേ സമയം വീണ്ടും എത്തും.
ഈ മുന്നറിയിപ്പിൽ ആശങ്കപെടേണ്ടതില്ലാത്തതു തത്കാലം മാത്രമാണ്. യഥാർത്ഥ അടിയന്തരാവസ്ഥ പോലുള്ള സന്ദർഭങ്ങളിൽ വിവരങ്ങൾ സംപ്രേക്ഷണം ചെയ്യാൻ സർക്കാർ പദ്ധതിയിടുന്ന ഒരു മാർഗമാണ് അലേർട്ട് മെസ്സേജുകൾ. വെള്ളപ്പൊക്കം, സുനാമി, ഭൂകമ്പം അല്ലെങ്കിൽ ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്തങ്ങൾക്കായി ഈ സാഹചര്യങ്ങൾ വ്യത്യസ്ത പ്രദേശങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെടാം.