എല്ലാ വർഷവും കാർത്തിക മാസത്തിലെ അമാവാസി നാളിലാണ് ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷിക്കുന്നത്. ഇന്ത്യയൊട്ടാകെ ഈ ഉത്സവത്തിന് വലിയ ആവേശമാണ് കാണുന്നത്. ഹിന്ദു മതത്തിൽ, ദീപാവലി സന്തോഷവും സമൃദ്ധിയും നൽകുന്ന ഉത്സവമായി കണക്കാക്കപ്പെടുന്നു. സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയെയും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ദേവനായ ഗണപതിയെയും ആരാധിക്കുന്നു.
ദീപാവലി ദിനത്തിൽ ലങ്കാപതി രാവണനെ പരാജയപ്പെടുത്തി ശ്രീരാമൻ അയോധ്യയിൽ തിരിച്ചെത്തി എന്നാണ് വിശ്വാസം. 14 വർഷത്തെ വനവാസം പൂർത്തിയാക്കി ശ്രീരാമൻ തിരിച്ചെത്തിയത് ആഘോഷിക്കാൻ അയോധ്യയിലെ ജനങ്ങൾ അയോധ്യയെ മുഴുവൻ ദീപങ്ങളാൽ അലങ്കരിച്ചിരുന്നു. അന്നുമുതൽ രാജ്യത്തുടനീളം ദീപാവലി ആഘോഷിക്കുന്നുവെന്നാണ് ഐതിഹ്യം. ദീപങ്ങളുടെ ഈ ഉത്സവം അഞ്ച് ദിവസം നീണ്ടുനിൽക്കും. ആ ദിവസങ്ങളും പ്രത്യേകതകളും അറിയാം.
Day 1. ധൻതേരസ് – നവംബർ 10
ഹിന്ദു കലണ്ടർ പ്രകാരം കാർത്തിക മാസത്തിലെ ഇരുണ്ട പാദമായ കൃഷ്ണ പക്ഷത്തിലെ പതിമൂന്നാം ചാന്ദ്ര ദിനമാണ് ധൻതേരസ്. ഔഷധത്തിന്റെ ദേവനായ ധന്വന്തരി കടലിൽ നിന്ന് ആയുർവേദം എന്ന വൈദ്യശാസ്‌ത്രവുമായി വന്നത് മനുഷ്യരാശിയുടെ നന്മയ്ക്കുവേണ്ടിയാണെന്ന് കരുതപ്പെടുന്ന ധൻതേരസ് പ്രത്യേക ദിവസമാണ്. ആളുകൾ കുബേരനെയും ലക്ഷ്മി ദേവിയെയും ആരാധിക്കുകയും പുതിയ വസ്തുക്കൾ വാങ്ങുകയും ചെയ്യുന്നു. സ്വർണം, വെള്ളി, വസ്ത്രങ്ങൾ, ഗാഡ്‌ജെറ്റുകൾ എന്നിവ വാങ്ങുന്നതിന് ദിവസം അനുകൂലമായി കണക്കാക്കപ്പെടുന്നു.
Day 2. നരക് ചതുർദശി – നവംബർ 11
കാർത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിലെ 14-ാം ദിവസമാണ് നരക ചതുർദശി അല്ലെങ്കിൽ ചോതി ദീപാവലി ആഘോഷിക്കുന്നത്. ഭഗവാൻ കൃഷ്ണൻ നരകാസുരനുമായി യുദ്ധം ചെയ്യുകയും വധിക്കുകയും ചെയ്തുവെന്നാണ് വിശ്വാസം. ഈ ദിവസം ദീപങ്ങൾ കൊളുത്തുകയോ വീട്ടിൽ നിന്ന് ഇറങ്ങുകയോ ചെയ്യരുതെന്നും പറയുന്നു. എന്നിരുന്നാലും, ഇപ്പോൾ ആളുകൾ പരസ്പരം സന്ദർശിക്കുകയും ‘സന്തോഷകരമായ, വിജയകരമായ ദീപാവലി’ ആശംസിക്കുകയും സമ്മാനങ്ങളും മധുരപലഹാരങ്ങളും കൈമാറുകയും ചെയ്യുന്നു.
Day 3. ദീപാവലി – നവംബർ 12
ഈ ദിവസമാണ് പ്രധാന ദീപാവലി ആഘോഷങ്ങൾ നടക്കുന്നത്. രാവണനെ വധിച്ചതിന് ശേഷം ശ്രീരാമൻ അയോധ്യയിലേക്ക് മടങ്ങിയത് ഈ ദിവസത്തിലാണെന്നാണ് വിശ്വാസം. ദീപാവലി ഉത്സവ ദിവസത്തിൽ പ്രധാനമായി ആളുകൾ ലക്ഷ്മി പൂജയാണ് നടത്താറുള്ളത്. തിന്മയുടെ മേൽ നന്മയുടെയും ഇരുട്ടിന്റെ മേൽ വെളിച്ചത്തിന്റെയും വിജയത്തിനായി ലക്ഷ്മിദേവിയെ ആരാധിക്കുന്നു.
Day 4. ഗോവർദ്ധൻ പൂജ – നവംബർ 13
ദീപാവലിയുടെ അഞ്ച് ദിവസങ്ങളിൽ നാലാം ദിവസം ഇന്ത്യയിൽ വ്യത്യസ്ത രീതികളിൽ ആഘോഷിക്കപ്പെടുന്നു. ഹിന്ദു പാരമ്പര്യത്തിൽ, ഇത് പുതുവർഷത്തിന്റെ ആദ്യ ദിനം കൂടിയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ, ആളുകൾ അവരുടെ ഉപകരണങ്ങൾ, ആയുധങ്ങൾ തുടങ്ങിയവയെ പൂജയ്ക്ക് വെക്കുന്നു. ഈ ദിവസം സാധാരണയായി ഗോവർദ്ധൻ പൂജയുടെ ദിനമായും വിശ്വകർമ്മ ദിനമായും ആചരിക്കുന്നു. അതിനാൽ, മിക്ക അല്ലെങ്കിൽ എല്ലാ വ്യാപാര സ്ഥാപനങ്ങളും ഈ ദിവസം അടച്ചിരിക്കും.
Day 5. ഭായ് ദൂജ്
ദീപാവലിയുടെ അഞ്ച് ദിനങ്ങളിൽ അഞ്ചാമത്തെ ദിവസമാണ് ഭായി ദൂജ് ആഘോഷിക്കുന്നത്. സഹോദര-സഹോദരി ബന്ധത്തിന്റെ പവിത്രതയെ പൂജിക്കുന്നതാണ് ഈ ദിവസം. യമൻ ഈ ദിവസത്തിൽ തന്റെ സഹോദരി യമുനയുടെ അടുക്കൽ സന്ദർശനത്തിന് എത്തിയതായാണ് വിശ്വാസം. സാധാരണയായി വിവാഹിതരായ സഹോദരിമാർ അവരുടെ സഹോദരങ്ങളെ വീട്ടിലേക്ക് ക്ഷണിക്കുകയും അവരുടെ ദീർഘവും സന്തുഷ്ടവുമായ ജീവിതത്തിനായി പൂജ ചെയ്ത് ‘തിലകം’ ചടങ്ങ് നടത്തുകയും ചെയ്യുന്നു.