തൊഴിലാളികളുടെ ഹൃദയതാളമായി മാറിയ, അനീതിക്കെതിരെ നിശ്ശബ്ദനാകാൻ വിസമ്മതിച്ച ആ ശബ്ദം ഇനി ഓർമകളിൽ, കേരളത്തിന്റെ വിപ്ലവ സൂര്യന്‍ വിഎസ് അച്യുതാനന്ദന്‍ (100) വിടവാങ്ങി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപതിയില്‍ വെച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായ തിരുവനന്തപുരത്തെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. ആരോഗ്യനില വഷളായതിനെ അടുത്തിടെയാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. ചികിത്സ തുടരുന്നതിനിടെ രാജ്യത്തെ തന്നെ ഏറ്റവും തലമുതിർന്ന കമ്യൂണിസ്റ്റ് നേതാവായ വിഎസ് അച്യുതാനന്ദന്‍ മരണപ്പെടുകയായിരുന്നു.
സംസ്കാര ചടങ്ങുകളുടെ വിശദമായ വിവരം കുടുംബവുമായി കൂടിയാലോചിച്ച ശേഷം പാർട്ടി വൃത്തങ്ങള്‍ ഉടന്‍ അറിയിക്കും. പുന്നപ്ര-വയലാർ രക്തസാക്ഷികളും മുതിർന്ന പാർട്ടി നേതാക്കളും അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴയിലെ വലിയ ചുടുകാട്ടിലായിരിക്കും വിഎസ് അച്യുതാനന്ദനും ചിതയൊരുങ്ങുക.
2006-2011 കാലഘട്ടത്തിൽ സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന വിഎസ് കേരളത്തിലെ ഏറ്റവും ‘ജനകീയ മുഖ്യമന്ത്രി’ മാരില്‍ ഒരാളായിരുന്നു. അഴിമതിക്കെതിരെയുള്ള അദ്ദേഹത്തിന്റെ നിരന്തര പോരാട്ടം, ഇ എം എസ് ഭവന പദ്ധതി, പരിസ്ഥിതി സംരക്ഷണത്തിനായുള്ള നിലപാടുകൾ-ഇവയെല്ലാം അദ്ദേഹത്തെ ജനമനസ്സുകളിൽ അടിയുറച്ച നേതാവാക്കി മാക്കി. സമരത്തിന് ഭരണ-പ്രതിപക്ഷ ഭേദം നോക്കാത്ത അപൂർവ്വം നേതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു വിഎസ് അച്യുതാനന്ദന്‍. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് സംസ്ഥാന ഭരണ പരിഷ്കാര കമ്മീഷന്‍ ചെയർമാനായിരുന്നു. ഔദ്യോഗികമായി അദ്ദേഹം വഹിച്ച അവസാന പദവിയുമാണ് ഇത്.
1923-ൽ ആലപ്പുഴയിലെ പുന്നപ്രയിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച വിഎസ് ഏഴാം ക്ളാസ്സിൽ വച്ച് പഠനം അവസാനിപ്പിച്ച ശേഷം ആദ്യം തുണിക്കടയിലും പിന്നീട് കയർ ഫാക്ടറിയിലും ജോലി ചെയ്തു. 1938-ൽ അച്യുതാനന്ദൻ സ്റ്റേറ്റ് കോൺഗ്രസിൽ അംഗമായിട്ടാണ് വിഎസ് പൊതുപ്രവർത്തന രംഗത്തേക്ക് എത്തുന്നത്. ഇടതുപക്ഷ ആശയങ്ങളില്‍ ആകൃഷ്ടനായ അദ്ദേഹം ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. 1940 ലാണ് കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വം നേടുന്നത്.
അച്യുതാനന്ദനിലെ സംഘാടക മികവ് തിരിച്ചറിഞ്ഞ പി കൃഷ്ണപിള്ള അദ്ദേഹത്തെ കർഷക തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കാനായി കുട്ടനാട്ടിലേക്ക് അയച്ചു. കുട്ടനാട്ടിലെ പ്രവർത്തനങ്ങളില്‍ നിന്നാണ് അച്യുതാനന്ദൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്ക് ഉയരുന്നത്. പുന്നപ്ര-വയലാർ സമരത്തിൽ പങ്കെടുത്ത അദ്ദേഹം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് പൂഞ്ഞാറിലേക്ക് ഒളിവില്‍ പോയി. പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത അദ്ദേഹം നാല് വർഷത്തോളും ജയില്‍ വാസം അനുഭവിച്ചു. പിടികൂടിയതിന് പിന്നാലെ പൊലീസില്‍ നിന്നും നേരിട്ട ക്രൂരമായ ആക്രമണത്തെക്കുറിച്ച് പില്‍ക്കാലത്ത് അച്യുതാനന്ദന്‍ തന്നെ എഴുതിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് വഴിവച്ച 1964-ലെ ദേശീയ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോന്ന് സി.പി.എം രൂപീകരിച്ച കേരളത്തിൽ നിന്നുള്ള ഏഴുനേതാക്കളിൽ ഒരാളുമാണ് വി എസ് അച്യുതാനന്ദൻ.
1952 മുതല്‍ 2001 വര വിഎസ് അച്യുതാനന്ദന്‍ വഹിച്ച് പ്രധാന പദവികള്‍
1952: കമ്മ്യൂണിസ്റ്റ് പാർട്ടി ആലപ്പുഴ ഡിവിഷൻ സെക്രട്ടറി.
1954: പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം.
1956: ആലപ്പുഴ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം.
1959: കമ്മ്യൂണിസ്റ്റ് പാർട്ടി ദേശീയ കൗൺസിൽ അംഗം.
1964: പാർട്ടി പിളർപ്പിനുശേഷം സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം, ആലപ്പുഴ ജില്ലാ സെക്രട്ടറി (1964-1970).
1980-1991: മൂന്ന് തവണ പാർട്ടി സംസ്ഥാന സെക്രട്ടറി.
1986-2009: സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം.
1965-2016: പത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച് ഏഴ് തവണ വിജയം.
1992-1996, 2001-2006, 2011-2016: കേരള നിയമസഭയിൽ പ്രതിപക്ഷ നേതാവ്.
1998-2001: ഇടതുമുന്നണി കൺവീനർ.
പാർട്ടി ഭൂരിപക്ഷം നേടുമ്പോൾ വി.എസ്. തോൽക്കുകയാ, വിഎസ് ജയിക്കുമ്പോൾ പാർട്ടി തോൽക്കുകയാ ചെയ്യുന്ന സാഹചര്യം ആയിരുന്നതിനാല്‍ മന്ത്രിയാകുന്നതിന് മുമ്പ് മുഖ്യമന്ത്രിയായി നേരിട്ട് അധികാരമേറ്റ രാഷ്ട്രീയ നേതാവ് കൂടിയാണ് വിഎസ്. 2006 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ വിഎസിനെ മത്സരിപ്പിക്കുന്നത് സംബന്ധിച്ച് പാർട്ടിക്കുള്ളില്‍ വലിയ അഭിപ്രായ വ്യത്യാസം ഉണ്ടായതോടെ പാർട്ടി അണികള്‍ ഒന്നാകെ തെരുവില്‍ ഇറങ്ങി. ഇതോടെ നയം മാറ്റിയ പാർട്ടി വിഎസിനെ മത്സരിപ്പിച്ചു. മലമ്പുഴയില്‍ മത്സരിച്ച വിഎസും കേരളത്തില്‍ ഇടതുമുന്നണിയും മികച്ച വിജയം നേടിയതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിപിഎമ്മിനുള്ളില്‍ നിന്ന് മറ്റ് പേരുകള്‍ ഉണ്ടായിരുന്നില്ല.
2011 ലെ തിരഞ്ഞെടുപ്പില്‍ വിഎസ് വിജയം തുടർന്നെങ്കിലും മുന്നണിക്ക് നാല് സീറ്റുകളുടെ ഭൂരിപക്ഷത്തില്‍ അധികാരം നഷ്മായി. പ്രതിപക്ഷ നേതാവായി ചുമതലയേറ്റ വിഎസ് കേരളത്തില്‍ തീപ്പൊരിയായി പ്രവർത്തിച്ചു. അതിന്റെ ഫലം ശരിക്കും കിട്ടിയത് 2016 ലെ തിരഞ്ഞെടുപ്പില്‍ പിണറായിക്കാണ്. ഇടതുമുന്നണി വമ്പന്‍ വിജയം നേടിയപ്പോള്‍ പിണറായി വിജയന്‍ ആദ്യമായി മുഖ്യമന്ത്രി കസേരയിലെത്തി. പ്രതിപക്ഷ നേതാവായിരുന്നു വിഎസിന് ഭരണപരിഷ്കരണ കമ്മീഷന്‍ പദവി നല്‍കാനായിരുന്നു പാർട്ടി തീരുമാനം. എതിർപ്പുകളൊന്നും ഉന്നയിക്കാതെ അദ്ദേഹം ആ പദവി സ്വീകരിച്ചു. ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടിയതിനെ തുടർന്ന് 2020 മുതല്‍ തന്നെ രാഷ്ട്രീയ പ്രവർത്തനങ്ങളില്‍ നിന്നും അദ്ദേഹം പതിയെ വിടവാങ്ങി തുടങ്ങി.