മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പുനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം പോസിറ്റീവായി. നിലവിൽ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണിവർ. പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങളോടെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് മരുന്ന് നൽകിയിട്ടും അസുഖം മാറാതെ നിന്നതോടെ ഇവരുടെ സാമ്പിൾ വിദഗ്ധ പരിശോധനയ്ക്കയക്കുകയായിരുന്നു. ആരോഗ്യ വകുപ്പ് സ്ഥിതി നിരീക്ഷിച്ചു വരികയാണ്.
എന്താണ് നിപ വൈറസ്?
മലേഷ്യയിലെ നിപ (Kampung Baru Sungai Nipah) എന്ന സ്ഥലത്ത് ആദ്യമായി കണ്ടെത്തിയത് കൊണ്ടാണ് ഈ വൈറസ് നിപ (Nipah) എന്ന പേരില്‍ അറിയപ്പെടുന്നത്. ഹെനിപാ വൈറസ് ജീനസിലെ പാരാമിക്‌സോ വൈറിഡേ ഇനത്തിലെ ഒരു വൈറസാണ് നിപ.
പൊതുവേ മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന ഒന്നാണ് നിപ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാം. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരാം. അതായത്, അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് ശ്രദ്ധിച്ചില്ലെങ്കിൽ രോഗം വളരെ വേഗം പകരാം. അതുപോലെ തന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം.
പഴവര്‍ഗങ്ങള്‍ ഭക്ഷിച്ചു ജീവിക്കുന്ന റ്റെറോപസ് (Pteropus) ജനുസില്‍പെട്ട നാലുതരം വവ്വാലുകളാണ് നിപ വൈറസിന്‍റെ പ്രകൃതിദത്ത വാഹകര്‍. ലോകത്ത് ആദ്യമായി മലേഷ്യയിലാണ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്തത്. മലേഷ്യയില്‍ വവ്വാലുകളില്‍നിന്ന് പന്നികളിലേക്കും പിന്നീട് തുടര്‍ന്ന് മനുഷ്യരിലേക്കും വൈറസ് പടരുകയായിരുന്നു.
നിപ വൈറസ്, ലക്ഷണങ്ങൾ എന്തൊക്കെ?
നിപ വൈറസ് ബാധയുണ്ടായാൽ അഞ്ച് മുതൽ 14 ദിവസം കഴിയുമ്പോഴാണ് രോഗ ലക്ഷണങ്ങൾ പ്രകടമാകുക. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് പ്രാഥമിക ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി ഉണ്ടാകാം. രോഗലക്ഷണങ്ങൾ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങൾക്കകം തന്നെ ബോധക്ഷയം വന്ന് രോഗി കോമ അവസ്ഥയിലെത്താൻ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. ശ്വാസകോശത്തേയും ബാധിക്കാന്‍ സാധ്യതയുണ്ട്.
നിപ വൈറസ്, രോഗ സ്ഥിരീകരണം എങ്ങിനെ? എന്താണ് പരിശോധന?
തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്‌പൈനൽ ഫ്‌ളൂയിഡ് എന്നിവയിൽ നിന്നും ആർ.ടി.പി.സി.ആർ. (റിയൽ ടൈം പോളിമറേസ് ചെയിൻ റിയാക്ഷൻ) ഉപയോഗിച്ച് വൈറസിനെ വേർതിരിച്ചെടുക്കാൻ സാധിക്കും. അസുഖം പുരോഗമിക്കുന്ന ഘട്ടത്തിൽ എലൈസ പരിശോധനയിലൂടെയും തിരിച്ചറിയാൻ സാധിക്കും.
നിപ വൈറസ്, സ്വീകരിക്കേണ്ട പ്രധാന മുന്‍കരുതലുകള്‍
അസുഖം വന്നതിനു ശേഷമുള്ള ചികിത്സ മിക്കവാറും പേരില്‍ അതി സങ്കീര്‍ണമാണ്. അതിനാല്‍ തന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം.
വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നും രോഗം പകരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍
കഴിവതും വവ്വാലിന്‍റെ ആവാസ കേന്ദ്രങ്ങളില്‍ പോകാത്തിരിക്കാന്‍ ശ്രദ്ധിക്കുക. വവ്വാല്‍ കടിച്ച പഴങ്ങളോ മറ്റോ സ്പര്‍ശിക്കാനോ കഴിക്കാനോ പാടില്ല. എന്തെകിലും കടിച്ച പാടുകള്‍ ഉള്ള പഴങ്ങള്‍ കഴിയ്ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
രോഗം പകരാതിരിക്കാന്‍ ഈ മുന്‍കരുതലുകള്‍ സ്വീകരിക്കാം
1. കൃത്യമായി മാസ്‌ക് ഉപയോഗിക്കുക
2. സാമൂഹിക അകലം പാലിക്കുക
3. ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക. അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിക്കുക.
4. രോഗിയുമായി കുറഞ്ഞത് ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും വേണം.
5. രോഗി ഉപയോഗിച്ച സാധനങ്ങള്‍ നന്നായി കീടനാശിനി അടങ്ങിയ സ്പ്രേ ഉപയോഗിച്ച് വൃത്തിയാക്കുക, വസ്ത്രങ്ങള്‍ കഴുകുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക.