അയർലൻഡിൽ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്ന മുതിർന്ന യാത്രക്കാരുടെ ടിക്കറ്റ് നിരക്കുകൾ വരുന്ന ജനുവരി മുതൽ ശരാശരി 15 ശതമാനം വർദ്ധിപ്പിക്കുമെന്ന് നാഷണൽ ട്രാൻസ്പോർട്ട് അതോറിറ്റി (NTA) ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ഐര്‍ലന്‍ഡ് (TFI) ശൃംഖലയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ഡബ്ലിൻ ബസ്, ബസ് ഐറാൻ, ഐറിഷ് റെയിൽ (Iarnród Éireann), ലൂവാസ് (Luas), ഗോ-അഹെഡ് ഐർലൻഡ്, ലോക്കൽ ലിങ്ക് തുടങ്ങിയ എല്ലാ പൊതുഗതാഗത സേവനങ്ങൾക്കും ഈ നിരക്ക് വർദ്ധനവ് ബാധകമായിരിക്കും. 2018-ന് ശേഷം രാജ്യത്ത് നടപ്പിലാക്കുന്ന ആദ്യത്തെ പൊതു നിരക്ക് വർദ്ധനവാണിത്.
പ്രധാന റൂട്ടുകളിലെ പുതിയ നിരക്കുകൾ
പുതിയ തീരുമാനപ്രകാരം, ഗ്രേറ്റർ ഡബ്ലിൻ ഏരിയയിൽ വ്യാപകമായി ഉപയോഗിക്കുന്ന 90 മിനിറ്റ് ലീപ്പ് കാർഡ് (Leap Card) നിരക്ക് 2.00 യൂറോയിൽ നിന്ന് 2.30 യൂറോയായി ഉയരും. 19 നും 25 നും ഇടയിൽ പ്രായമുള്ള യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമുള്ള ഡബ്ലിനിലെ യാത്ര നിരക്ക് 1.00 യൂറോയിൽ നിന്ന് 1.15 യൂറോയായി വർദ്ധിക്കും. കുട്ടിളുടെ യാത്രാ നിരക്ക് 10 സെന്റ് വർദ്ധിച്ച് 75 സെന്റിലെത്തും.
ഡ്രോഹെഡ, ഡൻഡോക്ക്, കിൽക്കെന്നി, നാവാൻ, സ്വിഗോ ഉൾപ്പെടെയുള്ള 11 പ്രാദേശിക ടൗൺ ബസ് സർവീസുകളിൽ മുതിർന്നവരുടെ ലീപ്പ് കാർഡ് നിരക്ക് 1.50 യൂറോയിൽ നിന്ന് 1.65 യൂറോയായി ഉയരും. ഗാൽവേ, ലിമറിക്, വാട്ടർഫോർഡ് എന്നിവിടങ്ങളിൽ 1.70 യൂറോയുടെ ഏകീകൃത ഫ്ലാറ്റ് ഫെയർ നിലവിൽ വരും. എന്നാൽ കോർക്ക് സിറ്റി ബസ് നിരക്കുകളിൽ മാറ്റമുണ്ടാകില്ല. ഇന്റർസിറ്റി റെയിൽ എക്സ്പ്രസ് നിരക്കുകളിൽ 10 ശതമാനവും ഇക്കണോമി നിരക്കുകളിൽ 20 ശതമാനം വരെയും വർദ്ധനവുണ്ടാകും. ഇന്റർസിറ്റി ഓപ്പൺ റിട്ടേൺ ടിക്കറ്റുകൾ നിർത്തലാക്കാനും എന്‍.ടി.എ തീരുമാനിച്ചിട്ടുണ്ട്.
നിരക്ക് വർദ്ധനവിന്റെ കാരണങ്ങളും ഇളവുകളും
2022 മുതൽ ഇന്ധനവില, ജീവനക്കാരുടെ വേതനം, വാഹനങ്ങളുടെ പരിപാലനച്ചെലവ് എന്നിവയിലുണ്ടായ 20.8 ശതമാനത്തിന്റെ വർദ്ധനവാണ് ടിക്കറ്റ് നിരക്കുകൾ പുതുക്കാൻ കാരണമെന്ന് എന്‍.ടി.എ ചീഫ് എക്സിക്യൂട്ടീവ് ആനി ഷാ വ്യക്തമാക്കി. എങ്കിലും 2022-ൽ നടപ്പിലാക്കിയ സാമ്പത്തിക ഇളവുകൾ കാരണം, പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നാലും 2018-ലേതിനേക്കാൾ 8 ശതമാനം കുറഞ്ഞ നിരക്കിലാണ് യാത്രക്കാർക്ക് സേവനം ലഭിക്കുന്നത്.
ചില വിഭാഗങ്ങൾക്കുള്ള സൗജന്യ യാത്രാ ആനുകൂല്യങ്ങൾ മാറ്റമില്ലാതെ തുടരും:
- കുട്ടികൾക്കുള്ള സൗജന്യ യാത്ര: 9 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര തുടർന്നും ലഭ്യമാകും.
- മുതിർന്ന പൗരന്മാർ: 66 വയസ്സും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്കും ഫ്രീ ട്രാവൽ സ്കീമിന് അർഹരായവർക്കും സൗജന്യ യാത്ര തുടരാം.
- വിദ്യാർത്ഥി ഇളവുകൾ: യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമുള്ള 50% ഇളവും കുട്ടികൾക്കുള്ള 33% നിരക്ക് ഇളവും നിലനിൽക്കും.
രാഷ്ട്രീയ പ്രതികരണങ്ങളും ഭാവി നീക്കങ്ങളും
പൊതുഗതാഗത മേഖലയ്ക്കുള്ള സർക്കാർ ധനസഹായം ഒരു ബില്യൺ യൂറോയോട് അടുക്കുന്നുണ്ടെന്നും, സേവനങ്ങൾ കൂടുതൽ വിപുലീകരിക്കാൻ ടിക്കറ്റ് നിരക്കുകളിൽ നേരിയ വർദ്ധനവ് ആവശ്യമാണെന്നും പ്രധാനമന്ത്രി (താനീഷ്തെ) മീഹോൾ മാർട്ടിൻ വ്യക്തമാക്കി.
എന്നാൽ ഈ തീരുമാനത്തിനെതിരെ പ്രതിപക്ഷ കക്ഷികളായ ഗ്രീൻ പാർട്ടി, ലേബർ പാർട്ടി, സോഷ്യൽ ഡെമോക്രാറ്റുകൾ എന്നിവർ രംഗത്തെത്തി. ജീവനക്കാരുടെയും സാധാരണക്കാരുടെയും ജീവിതച്ചെലവ് വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ യാത്രാനിരക്ക് കൂട്ടുന്നത് പാരിസ്ഥിതിക ലക്ഷ്യങ്ങൾക്കും ജനങ്ങളുടെ സാമ്പത്തിക താല്പര്യങ്ങൾക്കും എതിരാണെന്ന് അവർ ആരോപിച്ചു. 2027 മുതൽ ഓരോ വർഷവും യാത്രാ നിരക്കുകൾ കൃത്യമായി പുനരവലോകനം ചെയ്യാനാണ് എന്‍.ടി.എ പദ്ധതിയിടുന്നത്.


