വർഷങ്ങളായി തുടർച്ചയായി ഉയർന്നുകൊണ്ടിരുന്ന അയർലൻഡിലെ ഭവന വിപണിയിലെ വിലവർധനവിന് താൽക്കാലിക ശമനം. തലസ്ഥാനമായ ഡബ്ലിനിലും സമീപത്തുള്ള കമ്മ്യൂട്ടർ ബെൽറ്റ് പ്രദേശങ്ങളിലും വീടുകളുടെ വില വർധനവ് ഏതാണ്ട് പൂർണ്ണമായും നിലച്ച മട്ടാണെന്ന് ഏറ്റവും പുതിയ വിപണി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വർധിച്ചു വരുന്ന ജീവിതച്ചെലവുകളും, ഉയർന്ന പലിശനിരക്കുകളും, സാമ്പത്തിക അനിശ്ചിതത്വങ്ങളും കാരണം ഉപഭോക്താക്കളുടെ വാങ്ങൽ ശേഷി കുറഞ്ഞതാണ് ഈ പെട്ടെന്നുള്ള മാറ്റത്തിന് പ്രധാന കാരണം. 2020-ന് ശേഷമുള്ള ഏറ്റവും മന്ദഗതിയിലുള്ള വില വർധനവാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ഡാഫ്റ്റ്.ഐഇ (Daft.ie) പുറത്തുവിട്ട മൂന്നാം പാദത്തിലെ വില്പന റിപ്പോർട്ട് പ്രകാരം, ഡബ്ലിനിൽ ഒരു വർഷത്തിനിടെ വീടുകളുടെ യഥാർത്ഥ വിൽപന വിലയിൽ (Transaction Prices) വെറും 0.8 ശതമാനം വർധനവ് മാത്രമാണ് ഉണ്ടായിട്ടുള്ളത്. രാജ്യവ്യാപകമായി പരസ്യപ്പെടുത്തുന്ന ശരാശരി വിലയിൽ (List Price) 3 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്. ഇതനുസരിച്ച് അയർലൻഡിലെ ഒരു വീടിന്റെ ശരാശരി പരസ്യ വില നിലവിൽ 4,45,000 യൂറോയാണ്. എന്നാൽ കഴിഞ്ഞ വർഷത്തെ സമാന കാലയളവിലെ വളർച്ചാ നിരക്കിന്റെ പകുതി മാത്രമാണിത്. ഡബ്ലിനിൽ ഒരു സാധാരണ ത്രീ-ബെഡ്‌റൂം സെമി-ഡിറ്റാച്ച്‌ഡ് വീടിന്റെ ശരാശരി വില നിലവിൽ 6,35,000 യൂറോയോളം വരും.
വിപണിയിലെ ഈ മാറ്റം ഏറ്റവും കൂടുതൽ പ്രകടമാകുന്നത് ഡബ്ലിനിലും ലെൻസ്റ്ററിലെ സമീപ പ്രദേശങ്ങളിലുമാണ്. ലേലത്തിൽ പങ്കെടുത്തുകൊണ്ട് ഉയർന്ന തുക നൽകി വീടുകൾ സ്വന്തമാക്കാൻ ആളുകൾ തയ്യാറാകാത്തതിനാൽ, വിൽപ്പനക്കാർ ആവശ്യപ്പെടുന്ന ആദ്യ വിലയും (Asking Price) യഥാർത്ഥത്തിൽ വീട് വിറ്റുുപോകുന്ന വിലയും തമ്മിലുള്ള വ്യത്യാസം 2.6 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇത് 6.8 ശതമാനമായിരുന്നു. ഇത് വിപണിയിൽ ആവശ്യക്കാർ കുറയുന്നതിന്റെ വ്യക്തമായ സൂചനയാണ്.
ഈ വിപണി വ്യതിയാനത്തെക്കുറിച്ച് റിപ്പോർട്ടിന്റെ രചയിതാവും ട്രിനിറ്റി കോളേജ് ഇക്കണോമിക്‌സ് അധ്യാപകനുമായ റോണൻ ലിയോൺസ് വ്യക്തമാക്കുന്നത്, പുതിയ വീടുകളുടെ വരവ് കൂടിയതുകൊണ്ടല്ല വില വർധനവ് കുറഞ്ഞത്, മറിച്ച് ജനങ്ങളുടെ വാങ്ങൽ ശേഷിയിലുണ്ടായ കുറവാണ് ഇതിന് കാരണം എന്നാണ്. കോവിഡ് കാലഘട്ടത്തിന് ശേഷം വിപണിയിൽ ലഭ്യമാകുന്ന പഴയ വീടുകളുടെ എണ്ണം കുറഞ്ഞുതന്നെ നിൽക്കുകയാണ്. ഡബ്ലിന് പുറത്തുള്ള പ്രദേശങ്ങളിൽ ആളുകൾ പുതിയ വീടുകൾ (New Builds) വാങ്ങാൻ താല്പര്യം കാണിക്കുമ്പോൾ, ഡബ്ലിനിൽ പുതിയതും പഴയതുമായ വീടുകളുടെ മൊത്തത്തിലുള്ള വിൽപനയിൽ ഇടിവ് സംഭവിച്ചിട്ടുണ്ട്.
അതേസമയം, അയർലൻഡിലെ നഗര പ്രദേശങ്ങളും ഗ്രാമീണ മേഖലകളും തമ്മിൽ ഭവന വിലയിൽ വലിയൊരു വിടവ് രൂപപ്പെടുന്നുണ്ട്. ഡബ്ലിനിൽ വിലവർധനവ് നിലച്ച മട്ടാണെങ്കിലും വാട്ടർഫോർഡ് (11% വർധനവ്), കോർക്ക്, ഗാൽവേ, ലിമറിക് (6% വർധനവ്) തുടങ്ങിയ നഗരങ്ങളിലും ഗ്രാമീണ മേഖലകളിലും ഇപ്പോഴും വില ഉയരുകയാണ്. അവിടെ ആവശ്യത്തിന് വീടുകൾ വിപണിയിൽ ലഭ്യമല്ലാത്തതാണ് ഇതിന് കാരണം. ഡബ്ലിനിലെ വില വളർച്ച മന്ദഗതിയിലായത് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അല്പം ആശ്വാസം നൽകുന്നുണ്ടെങ്കിലും, വീടുകളുടെ രൂക്ഷമായ ക്ഷാമവും ബാങ്ക് പലിശ നിരക്കുകളും സാധാരണക്കാർക്ക് ഇപ്പോഴും വലിയ വെല്ലുവിളിയായി തുടരുന്നു.
