അയർലൻഡിലെ കടുത്ത തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായി രാജ്യത്തെ സാമ്പത്തിക ഇമിഗ്രേഷൻ നിയമങ്ങളിലും വർക്ക് പെർമിറ്റ് തസ്തികകളിലും വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഗവൺമെന്റ്. ഡിപ്പാർട്ട്മെന്റ് ഓഫ് എന്റർപ്രൈസ്, ട്രേഡ് ആൻഡ് എംപ്ലോയ്മെന്റ് പുറത്തുവിട്ട ഏറ്റവും പുതിയ ‘ഒക്യുപേഷൻ ലിസ്റ്റ് റിവ്യൂ 2025’ റിപ്പോർട്ടിലാണ് മലയാളികൾ ഉൾപ്പെടെയുള്ള നോൺ-ഇയു (Non-EEA) പൗരന്മാർക്ക് ഏറെ ഗുണം ചെയ്യുന്ന 32 പ്രധാന ഇളവുകൾക്ക് മന്ത്രിതല അംഗീകാരം നൽകിയത്.
രാജ്യത്തെ വിവിധ ബിസിനസ്സ് ഗ്രൂപ്പുകൾ, ചെറുകിട സംരംഭകർ, വിവിധ സർക്കാർ വകുപ്പുകൾ എന്നിവരിൽ നിന്ന് ലഭിച്ച നാനൂറിലധികം അപേക്ഷകളും തൊഴിൽ വിപണിയിലെ പഠനങ്ങളും വിലയിരുത്തിയ ശേഷമാണ് ഇമിഗ്രേഷൻ മാനദണ്ഡങ്ങൾ പുതുക്കാൻ അയർലൻഡ് തീരുമാനിച്ചത്. നിലവിൽ രാജ്യം ഏതാണ്ട് പൂർണ്ണമായ തൊഴിൽ അവസരങ്ങളിലൂടെ കടന്നുപോകുന്നതിനാൽ പ്രാദേശികമായി ജീവനക്കാരെ കിട്ടാനില്ലാത്ത മേഖലകളെ സഹായിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
ക്രിട്ടിക്കൽ സ്കിൽസ്, ജനറൽ വർക്ക് പെർമിറ്റുകളുടെ വ്യാപ്തി കൂട്ടി
പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായി ഏറ്റവും ഉയർന്ന ആനുകൂല്യങ്ങളുള്ള ‘ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്മെന്റ് പെർമിറ്റ്’ (CSEP) കാറ്റഗറിയിലേക്ക് ആറ് പുതിയ തസ്തികകൾ കൂടി കൂട്ടിച്ചേർത്തു. ഈ പെർമിറ്റ് ലഭിക്കുന്ന ഉയർന്ന യോഗ്യതയുള്ള വിദേശ പ്രൊഫഷണലുകൾക്ക് വളരെ വേഗത്തിൽ അയർലൻഡിൽ സ്ഥിരതാമസമാക്കാനും (PR), ലേബർ മാർക്കറ്റ് ടെസ്റ്റുകൾ ഇല്ലാതെ തന്നെ തങ്ങളുടെ പങ്കാളിയെയും കുടുംബത്തെയും ഇങ്ങോട്ട് കൊണ്ടുവരാനും സാധിക്കും.
ഇതുകൂടാതെ, ഒമ്പത് തസ്തികകളെ ‘ജനറൽ എംപ്ലോയ്മെന്റ് പെർമിറ്റ്’ (GEP) ലിസ്റ്റിലേക്ക് യാതൊരുവിധ കോട്ടാ (Quota) നിയന്ത്രണങ്ങളുമില്ലാതെ ഉൾപ്പെടുത്തിയിട്ടുണ്ട്. മത്സ്യം മുറിക്കുന്നവർ (Fish Filleters), സീഫുഡ് ഫാക്ടറി ജീവനക്കാർ (Seafood Operatives) എന്നീ രണ്ട് തസ്തികകൾക്കും പുതിയ കോട്ടാ നിബന്ധനകളോടെ ജനറൽ വർക്ക് പെർമിറ്റ് അനുവദിക്കാൻ തീരുമാനമായിട്ടുണ്ട്.
ഹോട്ടൽ, ഓട്ടോമൊബൈൽ മേഖലകൾക്ക് വൻ ആശ്വാസം
കഴിഞ്ഞ കുറേ വർഷങ്ങളായി അയർലൻഡിൽ പ്രാദേശിക ജീവനക്കാരെ കിട്ടാതെ പ്രതിസന്ധിയിലായിരുന്ന ഹോട്ടൽ, ടൂറിസം, വാഹന അറ്റകുറ്റപ്പണി മേഖലകൾക്ക് പുതിയ പ്രഖ്യാപനം വലിയ ആശ്വാസമാകും. ഈ മേഖലകളിലെ 15 തസ്തികകളുടെ പെർമിറ്റ് കാലാവധിയും കോട്ടകളും ഗവൺമെന്റ് പുതുക്കി നിശ്ചയിച്ചു.
ഹോട്ടൽ ആൻഡ് അക്കോമഡേഷൻ മാനേജർമാർ, റെസ്റ്റോറന്റ് ആൻഡ് കാറ്ററിംഗ് സ്ഥാപന ഉടമകൾ, ബാർ മാനേജർമാർ എന്നിവർക്ക് ഇനി വിദേശത്തുനിന്നും ജീവനക്കാരെ നിയമിക്കാം. കൂടാതെ കാർ മെക്കാനിക്ക്, ഓട്ടോ ഇലക്ട്രീഷ്യൻ, വെഹിക്കിൾ ടെക്നീഷ്യൻ, ബോഡി റിപ്പയറർമാർ, പെയിന്റ് ടെക്നീഷ്യൻമാർ എന്നീ തസ്തികകളിലേക്ക് മുൻപ് ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കി പുതിയ കോട്ടകൾ അനുവദിച്ചിട്ടുണ്ട്.
ഈ തസ്തികകളിലേക്ക് മുൻപുണ്ടായിരുന്ന പെർമിറ്റ് പരിധികൾ അവസാനിച്ചതിനാൽ, പുതിയ നിയമപ്രകാരം അപേക്ഷിക്കുന്നതിന് മുൻപ് തൊഴിലുടമകൾ നിർബന്ധമായും ‘ലേബർ മാർക്കറ്റ് നീഡ്സ് ടെസ്റ്റ്’ (LMNT) നടത്തിയിരിക്കണം. അതായത് ഈ ഒഴിവുകൾ നാല് ആഴ്ചക്കാലം അയർലൻഡിലും യൂറോപ്പിലും പരസ്യം ചെയ്യണം. അവിടെ നിന്ന് അനുയോജ്യരായ ആളുകളെ ലഭിച്ചില്ലെങ്കിൽ മാത്രമേ വിദേശികളെ നിയമിക്കാൻ സാധിക്കൂ. ഈ പരസ്യ കാലാവധി കൂടി കണക്കിലെടുത്ത് 2026 ജൂൺ 10 മുതൽ മാത്രമേ ഈ തസ്തികകളിലേക്കുള്ള പുതിയ വർക്ക് പെർമിറ്റ് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുകയുള്ളൂ.
തൊഴിൽ രംഗം ഭരിക്കുന്നത് പ്രവാസികൾ
അയർലൻഡിന്റെ സാമ്പത്തിക വളർച്ച നിലനിർത്തുന്നതിൽ വിദേശ തൊഴിലാളികൾ എത്രത്തോളം നിർണ്ണായകമാണെന്ന് ഈ റിപ്പോർട്ടിലെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷത്തിന്റെ അവസാന പാദത്തിലെ കണക്കുകൾ പ്രകാരം അയർലൻഡിൽ ആകെ 56,700 പുതിയ തൊഴിലവസരങ്ങളാണ് ഉണ്ടായത്. ഇതിൽ 39,500 തസ്തികകളിലും നിയമിതരായത് വിദേശ പൗരന്മാരാണ്. അതായത് രാജ്യത്തെ ആകെ തൊഴിൽ വളർച്ചയുടെ 70 ശതമാനവും വിദേശത്ത് നിന്നുള്ള ജീവനക്കാരുടെ സംഭാവനയാണ്.
അതേസമയം, വിദേശികളെ കുറഞ്ഞ ശമ്പളത്തിൽ ചൂഷണം ചെയ്യാനുള്ള ഒരു വഴിയായി വർക്ക് പെർമിറ്റുകളെ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഈ വർഷം മാർച്ച് 1 മുതൽ ജനറൽ വർക്ക് പെർമിറ്റുകാരുടെ കുറഞ്ഞ വാർഷിക ശമ്പളം 36,605 യൂറോയായും ഹെൽത്ത് കെയർ, അഗ്രി-ഫുഡ് മേഖലകളിലുള്ളവരുടേത് 32,691 യൂറോയായും വർദ്ധിപ്പിച്ചിരുന്നു. ഈ ഉയർന്ന ശമ്പള വ്യവസ്ഥകൾ കൃത്യമായി പാലിച്ചുകൊണ്ട് മാത്രമേ പുതിയ തസ്തികകളിലേക്കും പെർമിറ്റുകൾ അനുവദിക്കൂ.

