ധാക്ക, ബംഗ്ലാദേശ് — അഴിമതി കേസിൽ ബംഗ്ലാദേശിന്റെ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് അഞ്ച് വർഷം തടവും അവരുടെ മരുമകളും ബ്രിട്ടനിലെ ലേബർ എം.പി.യുമായ തുലിപ് സിദ്ദിഖിന് രണ്ട് വർഷം തടവും വിധിച്ച് ധാക്കയിലെ കോടതി. ഇരുവരുടെയും അസാന്നിധ്യത്തിലാണ് കോടതി വിധി പ്രസ്താവിച്ചത്.
ധാക്കയുടെ പ്രാന്തപ്രദേശത്തെ പൂർബചൽ ന്യൂ ടൗൺ പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാർ ഭൂമി ഇടപാടിലാണ് ഇരുവർക്കുമെതിരെ നടപടി.
പ്രധാനമന്ത്രിയെന്ന നിലയിൽ ഷെയ്ഖ് ഹസീന അധികാരം ദുരുപയോഗം ചെയ്തുവെന്ന് ധാക്ക സ്‌പെഷ്യൽ ജഡ്ജസ് കോടതി ജഡ്ജി റബിയുൾ ആലം പറഞ്ഞു. തുലിപ് സിദ്ദിഖ് തന്റെ അമ്മയ്ക്ക് വേണ്ടി സർക്കാർ പദ്ധതിയിൽ ഭൂമി നേടുന്നതിനായി അമ്മായിയെ (ഹസീനയെ) സ്വാധീനിച്ച് അഴിമതിക്ക് കൂട്ടുനിന്നുവെന്നും കോടതി കണ്ടെത്തി.
തുലിപ് സിദ്ദിഖിന്റെ അമ്മ ഷെയ്ഖ് റെഹാനയാണ് കേസിൽ പ്രധാന പങ്കാളിയെന്ന് കണക്കാക്കുന്നത്. റെഹാനക്ക് ഏഴ് വർഷത്തെ തടവ് ശിക്ഷയാണ് ലഭിച്ചത്.
കഴിഞ്ഞ വർഷത്തെ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് പുറത്താക്കപ്പെട്ട ഷെയ്ഖ് ഹസീന നിലവിൽ ഇന്ത്യയിൽ പ്രവാസത്തിലാണ്. ലണ്ടനിലെ ഹാംപ്‌സ്‌റ്റെഡ് ആൻഡ് ഹൈഗേറ്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന തുലിപ് സിദ്ദിഖ് ആരോപണങ്ങൾ നിഷേധിച്ചു രംഗത്തെത്തി.

