ഫെയ്സ്ബുക്കിന്‍റെ മാതൃകമ്പനിയായ മെറ്റയ്ക്ക് 220 മില്യണ്‍ ഡോളര്‍ (22 കോടിയോളം) പിഴ. ഉപയോക്താക്കളുടെ വാട്സാപ് വിവരങ്ങള്‍ ദുരുപയോഗം ചെയ്ത കേസിലാണ് നൈജീരിയയിലെ ഉപഭോക്തൃ കോടതി പിഴ വിധിച്ചത്. 2023ലാണ് ഫെഡറല്‍ കോംപറ്റീഷന്‍ ആന്‍റ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കമ്മിഷന്‍ ശിക്ഷ വിധിച്ചത്. ഇതിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ തള്ളിയാണ് വിധി. ഉപഭോക്താക്കളുടെ വിവരങ്ങള്‍ പലതവണയായി ചോര്‍ത്തിയെന്നും അത് ദുരുപയോഗം ചെയ്തുവെന്നും ഡാറ്റ പ്രൊട്ടക്ഷന്‍ കമ്മിഷന്‍റെ അന്വേഷണത്തിലും കണ്ടെത്തിയതോടെയാണ് നടപടി സ്വീകരിച്ചത്. പിഴയായി വിധിച്ചിരിക്കുന്ന 22 കോടി ഡോളറിന് പുറമെ ഇരുപത്തിയൊന്‍പത് ലക്ഷത്തിലേറെ രൂപ അന്വേഷണത്തിന് ചെലവായ ഇനത്തിലും മെറ്റ അടയ്ക്കണം.
നൈജീരിയന്‍ പൗരന്‍മാരുടെ വിവരങ്ങള്‍ അനധികൃതമായി പങ്കുവച്ചു, വിവരങ്ങള്‍ സുരക്ഷിതമല്ലാതെ കൈകാര്യം ചെയ്തു, വിപണിയില്‍ ഇവ കൈമാറ്റം ചെയ്തു എന്നിങ്ങനെയുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വാട്സാപും മാതൃകമ്പനിയായ മെറ്റയും ചേര്‍ന്ന് നടത്തിയെന്നാണ് അന്വേഷണ കമ്മിഷന്‍റെ കണ്ടെത്തല്‍. മെറ്റയുടെ നടപടികള്‍ നൈജീരിയയുടെ ഉപഭോക്തൃ സംരക്ഷണ– വിവര സംരക്ഷണ നിയമങ്ങള്‍ക്ക് എതിരാണെന്നും കമ്മിഷന്‍ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, വിവരങ്ങള്‍ ദുരുപയോഗം ചെയ്തുവെന്ന കമ്മിഷന്‍റെ കണ്ടെത്തല്‍ മെറ്റ നിഷേധിച്ചു. വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ വാട്സാപ്പ് ഔദ്യോഗിക വക്താവും കണ്ടെത്തലുകള്‍ നിഷേധിച്ചിരുന്നു. മെറ്റ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അതുകൊണ്ട് തന്നെ ചുമത്തപ്പെട്ട ഭീമമായ പിഴയില്‍ നടുക്കലും വിയോജിപ്പും അറിയിക്കുന്നുവെന്നുമാണ് ഇ–മെയില്‍ മുഖേനെ അയച്ച സന്ദേശത്തിലുണ്ടായിരുന്നത്. എന്നാല്‍ കമ്മിഷന്‍ കണ്ടെത്തലുകള്‍ നിഷേധിച്ച മെറ്റ പിഴ അടച്ച് തടിയൂരാന്‍ ശ്രമം ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മാര്‍ച്ചിലെ കണക്കനുസരിച്ച് 164 മില്യണ്‍ ഇന്‍റര്‍നെറ്റ് സബ്സ്ക്രിപ്ഷനാണ് നൈജീരിയയിലുള്ളത്. ആഫ്രിക്കയിലെ മെറ്റയുടെ ഏറ്റവും വലിയ മാര്‍ക്കറ്റും നൈജീരിയ തന്നെയാണ്. ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് എന്നിവയ്ക്ക് കോടിക്കണക്കിന് ഉപയോക്താക്കളാണ് നൈജീരിയയില്‍ ഉള്ളത്. അതുകൊണ്ടുതന്നെ പിഴ അടച്ച് നിയമത്തിന് വഴങ്ങിയില്ലെങ്കിലും കടുത്ത പ്രതിസന്ധിയാകും നൈജീരിയയെ കാത്തിരിക്കുന്നത്.
നൈജീരിയന്‍ സര്‍ക്കാര്‍ നടപടി കൂടിയായതോടെ ആഗോളവ്യാപകമായി മെറ്റയ്ക്കെതിരെ പരാതി കുമിയുകയാണ്. പേ ഓര്‍ കണ്‍സെന്‍റ് ഡാറ്റ മോഡലില്‍ വിവരം കൈമാറാന്‍ ശ്രമിച്ചതില്‍ മെറ്റയ്ക്ക് യൂറോപ്യന്‍ യൂണിയന്‍ നേരത്തെ 200 കോടി ഡോളര്‍ പിഴ വിധിച്ചിരുന്നു. ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമാണ് മെറ്റ വിവാദ പരിഷ്കാരം നടപ്പിലാക്കാന്‍ നോക്കിയത്. യൂറോപ്യന്‍ യൂണിയന്‍റെ സ്വകാര്യതാനിയമത്തിന് എതിരാണ് മെറ്റയുടെ നയമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.