ദി ഇക്കണോമിസ്റ്റിന്റെ പുതിയ സർവേ പ്രകാരം തുടർച്ചയായ മൂന്നാം വർഷവും ലോകത്തിലെ ഏറ്റവും ജീവിക്കാൻ അനുയോജ്യമായ നഗരമായി (മോസ്റ്റ് ലിവബിൾ സിറ്റി) വിയന്ന തിരഞ്ഞെടുക്കപ്പെട്ടു. ഓസ്ട്രിയൻ തലസ്ഥാനം അതിന്റെ സ്ഥിരത, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ കാര്യത്തിൽ മുഴുവൻ മാർക്കും നേടി.
ഡാനിഷ് തലസ്ഥാനമായ കോപ്പൻഹേഗനും സ്വിറ്റ്‌സർലൻഡിലെ സൂറിച്ചും റാങ്കിംഗിൽ വിയന്നയെ രണ്ടും മൂന്നും സ്ഥാനങ്ങളിൽ പിന്തുടർന്നു. ഓസ്‌ട്രേലിയയിലെ മെൽബണും കാനഡയിലെ കാൽഗറിയും ആണ് ഇക്കണോമിസ്റ്റ് ഇന്റലിജെൻസ് യൂണിറ്റ് (EIU) ഗ്ലോബൽ ലിവബിലിറ്റി ഇൻഡക്‌സിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള മറ്റ് നഗരങ്ങൾ.
അതേസമയം, അയർലണ്ടിലെ ഡബ്ലിൻ റാങ്കിംഗിൽ 39-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ വർഷത്തെ 32-ൽ നിന്ന് ഏഴു സ്ഥാനങ്ങൾ ഇടിഞ്ഞു. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഇടിവ് നേരിട്ട നഗരം ഇസ്രായേലിലെ ടെൽ അവീവാണ്. 20 സ്ഥാനങ്ങൾ ഇടിഞ്ഞ് 112-ാം സ്ഥാനത്താണ് ടെൽ അവീവ് ഇപ്പോൾ.
സ്ഥിരത, ആരോഗ്യ സംരക്ഷണം, സംസ്‌കാരം, പരിസ്ഥിതി, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായി 173 നഗരങ്ങളുടെ ജീവിതക്ഷമതയെ സൂചിക റാങ്ക് ചെയ്യുന്നു. ചില നഗരങ്ങളുടെ റാങ്കിംഗിൽ ഇടിവ് അനുഭവപ്പെടുന്നുണ്ടെങ്കിലും, മൊത്തത്തിലുള്ള ആഗോള ജീവിതക്ഷമത കഴിഞ്ഞ വർഷം ചെറുതായി വർദ്ധിച്ചു.
എന്നിരുന്നാലും, ഈ പുരോഗതി നാമമാത്രമാണ്, കൂടാതെ പണപ്പെരുപ്പത്തിനിടയിൽ ഭൂരിഭാഗം നഗരങ്ങളിലുമുള്ള ഭൗമരാഷ്ട്രീയ സംഘട്ടനങ്ങൾ, ആഭ്യന്തര കലാപങ്ങൾ, ഭവന പ്രതിസന്ധി എന്നിവ തടസ്സപ്പെടുത്തുന്നു. സമീപഭാവിയിൽ ജീവിക്കാനുള്ള സമ്മർദം കുറയാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
EIU ഗ്ലോബൽ ലൈവബിലിറ്റി സൂചിക 2024-ൽ, ഇന്ത്യൻ നഗരങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടില്ല. ഇന്ത്യയിലെ ഏറ്റവും മികച്ച താമസയോഗ്യമായ നഗരമായി ഡൽഹിയെ തിരഞ്ഞെടുത്തു. മുംബൈ, ചെന്നൈ, അഹമ്മദാബാദ്, ബംഗളൂരു എന്നീ നഗരങ്ങളാണ് തൊട്ടുപിന്നിൽ. എന്നിരുന്നാലും, ഡൽഹിയുടെ ആഗോള റാങ്കിംഗ് സൂചികയിൽ 140-ാം സ്ഥാനത്താണ്. മുംബൈ 141-ാം സ്ഥാനത്തും ചെന്നൈയും അഹമ്മദാബാദും യഥാക്രമം പട്ടികയിൽ 142-ഉം 143-ഉം സ്ഥാനങ്ങൾ നേടി. ആഗോളതലത്തിൽ 146-ാം സ്ഥാനത്താണ് ബംഗളൂരു ഇന്ത്യൻ നഗരങ്ങളിൽ ഏറ്റവും പിന്നിലുള്ളത്.
എന്നാൽ ഇന്ത്യൻ സർക്കാർ പ്രസിദ്ധീകരിച്ച “ഈസ് ഓഫ് ലിവിംഗ് ഇൻഡക്സ് 2020” റിപ്പോർട്ട് പ്രകാരം ബെംഗളൂരുവാണ് ഒന്നാം സ്ഥാനത്ത്. ഇതാദ്യമായാണ് അഞ്ച് ഇന്ത്യൻ നഗരങ്ങൾ ഈ പട്ടികയിൽ ഇടം നേടുന്നത്.
യുദ്ധത്തിൽ തകർന്ന സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസായിരുന്നു താമസയോഗ്യമല്ലാത്ത നഗരം. 2022 മുതൽ റഷ്യയുടെ ഉക്രെയ്ൻ യുദ്ധം തുടരുന്നതിനാൽ കീവ് റാങ്കിംഗിൽ അവസാന പത്തിൽ തന്നെ തുടർന്നു.