എന്താണ് തണ്ടപ്പേര് ബുക്ക്, എന്താണ് തണ്ടപ്പേര് കണക്ക് അഥവാ തണ്ടപ്പേര് അക്കൗണ്ട്?എന്താണ് തണ്ടപ്പേര് നമ്പർ?
വില്ലേജ് ഓഫീസുകളിൽ, നമ്പർ ക്രമത്തിൽ , നികുതി അടയ്ക്കുന്ന ഭൂ ഉടമകളുടെ പേരും , മേൽവിലാസവും , വസ്തുവിൻറെ സർവേ നമ്പറും, വസ്തുവിൻറെ ഇനവും , വസ്തുവിന്റെ അളവും രേഖപ്പെടുത്തി വയ്ക്കുന്ന ബുക്കുകൾ ഉണ്ട്. ഇത് പല വാലൃങ്ങൾ ഉണ്ടാവും. അതിനെ തണ്ടപ്പേര് ബുക്കുകൾ എന്ന് പറയുന്നു. ആ ബുക്കിലെ ഒരു പേജ് ഒരു വസ്തു ഉടമയ്ക്ക് നമ്പർ ഇട്ട് നൽകിയിട്ടുണ്ടാവും . ആ പേജാണ് തണ്ടപ്പേര് അക്കൗണ്ട് അല്ലെങ്കിൽ തണ്ടപ്പേര് കണക്ക്. ആ പേജിന് നൽകിയ ക്രമ നമ്പർ ആണ് തണ്ടപ്പേര് നമ്പർ. നിങ്ങളുടെ കൈവശം ഉള്ള കരം ഒടുക്കിയ പഴയ കൈയ്യെത്തു രസീതിൽ ഇടതു വശത്ത് മുകളിൽ എഴുതിയിരിക്കുന്നതാണ് തണ്ടപ്പേര് നമ്പർ. പുതിയ കംപ്യൂട്ടർ രസീതിലും കേരള സർക്കാർ രസീത് എന്ന് എഴുതിയതിന് താഴെ തണ്ടപ്പേര് നമ്പർ പറയുന്നുണ്ട്.
????എങ്ങനെ ഒരാൾക്ക് ഒരു തണ്ടപ്പേര് അക്കൗണ്ട് ലഭിക്കും?
നികുതി അടക്കാവുന്ന ഭൂമി രേഖാമൂലം ഒരാൾക്ക് സ്വന്തമായി ലഭിച്ചാൽ ആ രേഖയെ അടിസ്ഥാനപ്പെടുത്തി വില്ലേജ് ഓഫീസർ അല്ലെങ്കിൽ അദ്ദേഹത്തിന്റെ ശുപാർശ പ്രകാരം തഹസീൽദാർ അനുവദിക്കുന്നതാണ് തണ്ടപ്പേര് അക്കൗണ്ട്. ഉദാഹരണങ്ങൾ ശ്രദ്ധിച്ചു നോക്കൂ.
⚡1) നിങ്ങളുടെ പിതാവ് അദ്ദേഹത്തിനുള്ള, അദ്ദേഹത്തിന്റെ പേരിൽ കരം അടക്കുന്ന, ഒരേക്കർ ഭൂമിയിൽ നിന്നും അര ഏക്കർ നിങ്ങളുടെ പേരിൽ ധനനിശ്ചയാധാരം ചെയ്തു തന്നു എന്ന് കരുതുക. ആ ആധാരം പരിഗണിച്ച് വില്ലേജ് ഓഫീസർ നിങ്ങളുടെ പിതാവിൻറെ തണ്ടപ്പേര് അക്കൗണ്ടിൽ നിന്നും അര ഏക്കർ കുറച്ച് അര ഏക്കർ നിങ്ങളുടെ പേരിൽ ചേർക്കാൻ തഹസീൽദാർമാർക്ക് ശുപാർശ ചെയ്യുന്നു. തഹസീൽദാരുടെ ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് വി. ഒ നിങ്ങളുടെ പേരിൽ തണ്ടപ്പേര് കണക്ക് തുറക്കുന്നു. നിങ്ങളുടെ പേരിൽ കരം ഒടുക്കി നൽകുന്നു.
ഇവിടെ പിതാവിൻറെ പേരിൽ അരയേക്കർ ശേഷിക്കുന്നതിനാൽ അദ്ദേഹത്തിന്റെ തണ്ടപ്പേര് അക്കൗണ്ട് അവിടെ നിലനിർത്തി ക്കൊണ്ട് നിങ്ങൾക്ക് അരയേക്കറിന് പുതിയ തണ്ടപ്പേര് അക്കൗണ്ട് അനുവദിച്ചു നൽകുകയാണ് ചെയ്തിട്ടുള്ളത്. അതേ സമയം നിങ്ങളുടെ പിതാവ് അദ്ദേഹത്തിന്റെ ഒരേക്കർ ഭൂമി പൂർണമായും നിങ്ങൾക്ക് എഴുതി നൽകിയാൽ അദ്ദേഹത്തിന്റെ തണ്ടപ്പേര് അക്കൗണ്ട് ശൂനൃമായി (zero account) മാറ്റിക്കൊണ്ട് നിങ്ങളുടെ പേരിൽ പുതിയ തണ്ടപ്പേര് അക്കൗണ്ട് തുറന്ന് ഒരേക്കറും നിങ്ങളുടെ പേരിൽ ചേർത്ത് നൽകും.
(മുകളിൽ ആദൃം വിവരിച്ച പ്രകാരം വസ്തു പേരു മാറ്റുന്നതിനെ സബ് ഡിവിഷൻ പോക്കുവരവ് എന്ന് പറയുന്നു. ഇത് തഹസീൽദാർമാരുടെ ഉത്തരവിൻറെ അടിസ്ഥാനത്തിൽ മാത്രമേ വില്ലേജ് ഓഫീസർക്ക് ചെയ്യാനാവൂ.
രണ്ടാമതു വിവരിച്ച പ്രകാരം മുഴുവൻ വസ്തുവും ഒരു പേരിൽ നിന്നും മറ്റൊരു പേരിലേക്ക് മാറ്റുന്നതിനെ സബ് ഡിവിഷൻ ഇല്ലാത്ത പോക്കുവരവ് എന്ന് പറയുന്നു. ഇത്തരം പോക്കുവരവ് വില്ലേജ് ഓഫീസർക്ക് സ്വയം ചെയ്യാവുന്നതാണ്)
⚡2) നിങ്ങൾ ആരോടെങ്കിലും കുറച്ച് ഭൂമി വില കൊടുത്തു വാങ്ങിയാൽ ആ ആധാരം അടിസ്ഥാനപ്പെടുത്തി നിങ്ങളുടെ പേരിൽ തണ്ടപ്പേര് അക്കൗണ്ട് ആരംഭിക്കാം.
⚡3) നിങ്ങൾ വർഷങ്ങളായി കൈവശം വച്ചിരിക്കുന്ന സർക്കാർ ഭൂമിക്ക് നിങ്ങളുടെ പേരിൽ പട്ടയം ലഭിച്ചാൽ ആ പട്ടയം ലഭിച്ച പതിവുത്തരവ് പ്രകാരം നിങ്ങളുടെ പേരിൽ ഒരു തണ്ടപ്പേരക്കൗണ്ട് വില്ലേജ് ഓഫീസർക്ക് തുറക്കാം.
⚡4)വസ്തുവിൻറെ ഉടമസ്ഥാവകാശം സംബന്ധിച്ച് കോടതിയിൽ നിന്നും ലഭിക്കുന്ന നിങ്ങൾക്ക് അനുകൂലമായ വിധിയെ/ ഉത്തരവിനെ അടിസ്ഥാനപ്പെടുത്തിയും തണ്ടപ്പേരക്കൗണ്ട് നിങ്ങളുടെ പേരിൽ ആരംഭിക്കാവുന്നതാണ്.
⚡5)അതൃപൂർവമായ ചില പ്രത്യേക സാഹചരൃങ്ങളിൽ ഇത്തരം രേഖകൾ ഒന്നും ഇല്ലാതെ ഒരാളുടെ പേരിൽ തണ്ടപ്പേരക്കൗണ്ട് തുറക്കാനും പോക്കുവരവ് (transfer of registry ) നിയമത്തിൽ വ്യവസ്ഥയുണ്ട്.
???? എന്താണ് ഭൂമിയുടെ സർവേ നമ്പർ? എന്താണ് ഭൂമിയുടെ റീസർവേ നമ്പർ?
നിങ്ങളുടെ കൈവശം ഉള്ള ഭൂനികുതി രസീത് പരിശോധിച്ചാൽ അതിൽ സർവേ നമ്പർ എന്ന പേരിൽ രേഖപ്പെടുത്തിയതായി കാണുന്നതാണ് സർവേ നമ്പർ, അല്ലെങ്കിൽ നിങ്ങളുടെ വസ്തുവിന്റെ പ്രമാണത്തിൽ സർവേ നമ്പർ കോളത്തിൽ എഴുതിയതാണ് നിങ്ങളുടെ ഭൂമിയുടെ സർവേ നമ്പർ എന്ന് സാധാരണ റവന്യൂ ജീവനക്കാരും ആധാരമെഴുത്തുകാരും പറയും.
ഇത് നമ്മുടെ കൈവശത്തിൽ ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ ശരിയാണ്. എന്നാൽ നമ്മുടെ കൈവശം ലഭിച്ച ഭൂമിയുമായി ബന്ധപ്പെടുത്തി ഇത് 100% ശരിയാണെന്ന് എങ്ങനെ ഉറപ്പാക്കാം.
നിങ്ങൾക്ക് പെട്ടെന്ന് മനസ്സിലാക്കാൻ ചില ഉദാഹരണങ്ങൾ പറയാം . നിങ്ങളുടെ വീടിൻറെ കെട്ടിട നമ്പർ എത്ര എന്ന് ചോദിച്ചാൽ കെട്ടിട നികുതി ഒടുക്കിയ രസീത് വേണമെന്നില്ല. മുൻവശത്തെ കട്ടിളപ്പടിയിൽ പഞ്ചായത്തുകാർ ഒരു തകിട് അടിച്ചു വച്ചത് നോക്കി നമ്പർ കണ്ടെത്താം. നിങ്ങളുടെ വണ്ടിയുടെ രജിസ്ട്രേഷൻ നമ്പർ എത്രയാണ്? വണ്ടിയുടെ ആർസി ബുക്ക് നോക്കാതെ നമ്പർ പ്ലേറ്റിൽ നോക്കി കണ്ടെത്താം. വണ്ടിയുടെ എഞ്ചിൻ നമ്പർ എത്ര ആണെന്ന് ബോണറ്റ് പൊക്കി നോക്കി ഉറപ്പാക്കാം. നിങ്ങളുടെ ആധാർ കാർഡ് നമ്പർ ആ കാർഡിൽ നോക്കി കണ്ടെത്താം. റേഷൻ കാർഡ് നമ്പറും ഇങ്ങനെ കണ്ടെത്താം.
എന്നാൽ നിങ്ങളുടെ വീടിരിക്കുന്ന മണ്ണിന്റെ സർവേ നമ്പർ എത്രയാണ് ? രസീതിൽ അല്ലെങ്കിൽ ആധാരത്തിൽ രേഖപ്പെടുത്തി ലഭിച്ച സർവ്വേ നമ്പർ ശരിയാണെന്ന് എങ്ങനെ ഉറപ്പാക്കാം. ഒരു തൂമ്പ എടുത്തു മണ്ണിൽ കിളച്ചു നോക്കിയാൽ സർവേ നമ്പർ ലഭിക്കുമോ? ഇല്ല. ഈ കാരൃങ്ങൾ തെറ്റ് വരുത്താതെ ജനങ്ങൾക്ക് പറഞ്ഞു നൽകുവാൻ, റവന്യൂ രേഖകളിൽ അറിവുള്ള റവന്യൂ ജീവനക്കാർ വേണം.
ദൗർഭാഗ്യവശാൽ ഈ വിഷയത്തിൽ കാരൃമായ പരിശീലനം ജീവനക്കാർക്ക് ലഭിക്കാത്തതു കൊണ്ടും, സർവേ നമ്പർ തെറ്റിയാലുള്ള കുഴപ്പങ്ങൾ ഭൂ ഉടമകളും നമ്മുടെ ജീവനക്കാരും കാരൃമായി മനസ്സിലാക്കാത്തതു കൊണ്ടും പലപ്പോഴും ആധാരങ്ങളിലും, വിൽ പത്രങ്ങളിലും, റവന്യൂ ഉദ്യോഗസ്ഥർ നൽകുന്ന പട്ടയം പോലുള്ള വിലപ്പെട്ട രേഖകളിൽ പോലും പല പിശകുകളും സർവേ നമ്പർ സംബന്ധിച്ച് സംഭവിക്കാറുണ്ട്. സർവേ നമ്പറോ , സബ് ഡിവിഷൻ നമ്പറോ രേഖകളിൽ തെറ്റുന്നത് വളരെ ഗുരുതരമായ പ്രശ്നമാണ്. സാധാരണക്കാരനായ ഒരു വസ്തു ഉടമയുടെ സമാധാന ജീവിതം തന്നെ തകരാറിലാക്കാൻ ആ തെറ്റ് കാരണമാവും. ഇങ്ങനെ സംഭവിക്കാതിരിക്കാൻ താഴെ പറയുന്ന കാരൃങ്ങൾ ഒന്ന് ശ്രദ്ധിച്ചു വായിക്കുക.
????എന്താണ് പഴയ സർവേ നമ്പർ?
റീ സർവേ രേഖകൾ നടപ്പിൽ വരുത്തുന്നതിനു മുമ്പ് നമ്മുടെ നാട്ടിൽ ഭൂമി സർവേ ചെയ്തിരുന്നു. രാജ ഭരണകാലത്ത് ഭൂമി എല്ലാം സർവേ ചെയ്തു നമ്പറിട്ട് തിരിച്ചശേഷം മാപ്പുകളും , പ്ലാനുകളും തയ്യാറാക്കിയിരുന്നു. അതിൽ രേഖപ്പെടുത്തിയ നമ്പറുകളാണ് പഴയ സർവേ നമ്പർ. അത് ഏക്കർ സെന്റ് കണക്കിലാണ് ചെയ്തിരുന്നത്. അത് പ്രകാരമാണ് പഴയ റവന്യൂ രേഖകളും , രസീതുകളും , പ്രമാണങ്ങളും തയ്യാറാക്കിയിരുന്നത്. ഏതാണ്ട് 100ലധികം വർഷം മുമ്പ് തയാറാക്കിയ രേഖകളും സർവേ മാപ്പുകളുമാണ് അതിൻറെ അടിസ്ഥാനമായി ഉള്ളത്. ആ കാലഘട്ടത്തിൽ തയാറാക്കിയ, വില്ലേജ് മാപ്പുകൾ പെട്ടെന്ന് നശിപ്പിച്ചു പോകാതെ, തുണിയിൽ വരച്ചു നൽകിയിരുന്നു. ലിത്തോ മാപ്പ് എന്ന് ഇതിനെ വിളിച്ചിരുന്നു.
ഇപ്രകാരമുള്ള പഴയ സർവേ നമ്പർ ഇവിടെ ഒരു കുഴപ്പവുമില്ലാതെ ഉപയോഗിച്ചു വന്നപ്പോൾ “വെറുതെ മനുഷൃരെ തുലക്കാൻ” തുടങ്ങിയ ഒരു പരിപാടി അല്ലേ ഈ റീ സർവേ എന്നല്ലേ പലരും ഇപ്പോൾ ചിന്തിക്കുന്നത്. ദയവായി ക്ഷമിക്കുക. അങ്ങനെ അല്ല. നിങ്ങൾ ഒന്ന് ശാന്തമായി ചിന്തിക്കുക.രണ്ടു കണ്ണുകളും ഒന്നടച്ചു പിടിച്ച ശേഷം, 100ലധികം വർഷം മുമ്പ് നിങ്ങൾ ഇപ്പോൾ താമസിക്കുന്ന പുരയിടം, അല്ലെങ്കിൽ നിങ്ങൾ കൈവശം വച്ചിരിക്കുന്ന ഭൂമിയും നിങ്ങളുടെ സമീപത്തെ ചെറിയ ടൗണും , അടുത്ത വലിയ ടൗണും എങ്ങനെ ആയിരുന്നു എന്ന് ഒന്ന് മനസ്സിരുത്തി ചിന്തിക്കുക. അന്ന് നിങ്ങളുടെ നാട്ടിൽ എത്ര കരം ഒടുക്കുന്നവർ ഉണ്ടായിരുന്നു എന്ന് ചിന്തിച്ചു നോക്കുക. നിങ്ങളുടെ മുതു മുത്തച്ഛൻറെ പിതാവിന് എത്ര ഏക്കർ ഭൂമി ഉണ്ടായിരുന്നു എന്ന് ചിന്തിച്ചു നോക്കുക. അന്ന് നിങ്ങളുടെ അടുത്ത ടൗണിൽ എത്ര കടകൾ ഉണ്ടായിരുന്നു എന്ന് ചിന്തിച്ചു നോക്കുക.
ഏതാനും ജൻമിമാരല്ലാതെ ആർക്കെങ്കിലും നികുതി ഒടുക്കുന്ന ഭൂമി ഇല്ലായിരുന്നു എന്ന് നിങ്ങൾക്ക് മനസ്സിലാവും. അതിനു ശേഷം ഇപ്പോൾ അവിടെ എത്ര ഭൂ ഉടമകൾ ഉണ്ടെന്ന് ചിന്തിച്ചു നോക്കുക. അളവ് കുറവാണെങ്കിലും എല്ലാ കുടുംബത്തിനും ഏതാനും സെന്റ് ഭൂമിയെങ്കിലും ഉണ്ടെന്ന് കാണാം.
അവർക്കെല്ലാം ഒരു തണ്ടപ്പേരക്കൗണ്ടും സർവേ നമ്പറും ഉണ്ടെന്നും കാണാം. ഇങ്ങനെ ഭൂ ഉടമകളുടെ എണ്ണം നൂറുകളിൽ നിന്നും പതിനായിരങ്ങളിലേക്കും ലക്ഷങ്ങളിലേക്കും കടന്നു എന്ന് മനസ്സിലാക്കാം. ഇനിയാണ് റീ സർവേയെക്കുറിച്ച് പറയേണ്ടത്.
????എന്താണ് റീ സർവേ
റീസർവേ എന്നു പറഞ്ഞാൽ ഇപ്പോഴുള്ള ഭൂ ഉടമകളുടെ പേരിലുള്ള ഭൂമി ഹെക്ടർ ആർ അളവിൽ അളന്ന് തിട്ടപ്പെടുത്തി, അതെത്ര വലുതായാലും, ചെറുതായാലും, ഓരോ വസ്തുവിനും പ്ളാനുകൾ തയാറാക്കി, അവരുടെ പേരിൽ തണ്ടപ്പേരക്കൗണ്ട് തുറന്ന്, രേഖകൾ update ചെയ്യുന്ന പരിപാടിയാണ്. അതോടൊപ്പം പൊതു സ്ഥലങ്ങളും, റോഡുകളും, തോടുകളും, പുഴകളും, സർക്കാർ സ്ഥലങ്ങളും എല്ലാം രേഖകളിൽ ചേർക്കണം. അവയുടെ എല്ലാം പ്ലാനുകൾ വരയ്ക്കണം. അത് വർഷങ്ങൾ എടുക്കുന്ന ഒരു നടപടിക്രമം ആണ്.
????ഇതെങ്ങനെയാണ് ഈ റീ സർവേ ചെയ്യുന്നത്? എങ്ങനെയാണ് റീസർവേ നമ്പർ ഇടുന്നത്?
നമ്മുടെ കേരളം എന്ന സംസ്ഥാനം 14 ജില്ലകളായും ജില്ലകളെ താലൂക്കുകളായും താലൂക്കുകളെ വില്ലേജുകളായും തിരിച്ചിട്ടുണ്ടെന്ന് നമുക്കറിയാമല്ലോ.
അതിൽ നമ്മുടെ ഭൂമി സ്ഥിതി ചെയ്യുന്ന വില്ലേജിനെ ആദൃം പല ബ്ളോക്കുകൾ ആയി തിരിക്കുന്നു. ഒരു സാധാരണ വലിപ്പമുള്ള വില്ലേജിൽ മൂന്ന് അല്ലെങ്കിൽ നാല് ബ്ളോക്കുകൾ ഉണ്ടാവും. അതിനു ശേഷം ബ്ളോക്കിനെ റീസർവേ നമ്പറുകളായും ആ റീസർവേ നമ്പറിനുള്ളിൽ വരുന്ന ഓരോ ഭൂഉടമയുടെയും ഭൂമിയെ സബ്ഡിവിഷനുക ളായും നമ്പർ നൽകി അളന്ന് തിരിക്കുന്നു. സാധാരണ ഒന്നും രണ്ടും ഏക്കർ ഭൂമി കൈവശം വച്ചിരിക്കുന്ന കർഷകർ താമസിക്കുന്ന ഒരു ഗ്രാമത്തിൽ ഒരു റീസർവേ നമ്പറിൽ പത്തോ പന്ത്രണ്ടോ സബ് ഡിവിഷൻ നമ്പരുകൾ ഉണ്ടാവും.
എന്നാൽ പ്രധാന റോഡിൻറെ ചേർന്നുള്ള അല്ലെങ്കിൽ പട്ടണത്തിൽ ഉള്ള റെസിഡൻഷ്യൽ കോളനി ഏര്യായിൽ പലർക്കും അഞ്ച് സെന്റും പത്ത് സെന്റും ഭൂമി മാത്രമേ കാണൂ . അവിടെ ഒരു സർവേ നമ്പറിൽ സബ് ഡിവിഷൻ നമ്പർ അൻപതോ അറുപതോ വരെ ആകാം.
നിങ്ങളുടെ വില്ലേജ് ഒന്ന് മനസ്സിൽ ചിന്തിക്കുക . അതിലൂടെ ഒഴുകുന്ന വലിയ തോട്, പ്രധാന റോഡ് എന്നിവ അതിർത്തി ആയി പരിഗണിച്ച് മൂന്ന് ബ്ളോക്കുകൾ ആയി തിരിച്ചിരിക്കുന്നു എന്നും ചിന്തിക്കുക. അതിൽ ഒരു ബ്ളോക്കിൽ നിങ്ങളുടെ കൊച്ചു ഗ്രാമവും നിങ്ങളുടെ വീടിരിക്കുന്ന സ്ഥലവും, കൃഷി സ്ഥലവും അയൽവാസികളുടെ സ്ഥലങ്ങളും, നിങ്ങളുടെ വീടിൻറെ സമീപത്തെ നാൽക്കവലയും പള്ളിയും അമ്പലവും, സ്കൂളും , പൊതു നിരത്തുകളും, തോടുകളും പുഴയും എല്ലാം ചേർത്തിട്ടുണ്ടാവും. നിങ്ങളുടെ ഗ്രാമത്തിൽ ഉയർന്നു നിൽക്കുന്ന ഒരു സർക്കാർ പാറ ഉണ്ടെങ്കിൽ അതും റീസർവേ ഭൂപടത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടാവും.
ആ വിഭജനം ഒന്ന് കൂടി പറയാം
സംസ്ഥാനം-ജില്ല-താലൂക്ക്-വില്ലേജ്- ബ്ളോക്ക്- റീസർവേ നമ്പർ- സബ്ഡിവിഷൻ നമ്പർ. (ബ്ളോക്കിനു താഴെ ഖണ്ഡം എന്ന ഒരു ഡിവിഷൻ കൂടി ഉണ്ട്. എന്നാൽ അത് റവന്യൂ ഭരണത്തിൽ ഉപയോഗിക്കാത്ത തിനാൽ ഇവിടെ പറയുന്നില്ല ).ഇങ്ങനെ ഒരു റീസർവേ നമ്പറിൽ വരുന്ന സബ് ഡിവിഷനുകളെല്ലാം ഒരു വലിയ ഷീറ്റ് പേപ്പറിൽ നിശ്ചിത തോതിൽ അളന്ന് സർവേ സ്കെച്ചായി മൂന്ന് പകർപ്പ് വരച്ചു വയ്ക്കും. നിങ്ങളുടെ ഭൂമിയും നിങ്ങളുടെ ചുറ്റുവട്ടത്ത് ഉള്ള അയൽക്കാരുടെ ഭൂമിയും അത്തരം ഒരു ഷീറ്റിൽ ഉണ്ടാവും.
ഉദാഹരണത്തിന് ഒരു റീസർവ്വേ നമ്പർ 139 എന്ന് ചിന്തിക്കുക. അതിന് 1മുതൽ 6 വരെ സബ് ഡിവിഷൻ നമ്പർ ഉണ്ടെന്നും ചിന്തിക്കുക. ആ ഷീറ്റിൽ പേജിന് മുകളിൽ സർവ്വേ നമ്പർ എന്ന സ്ഥലത്ത് 139 എഴുതിയിട്ടുണ്ടാവും. പ്ളാനിൻറെ ഓരോ കോളത്തിലും അതാത് സബ് ഡിവിഷൻ നമ്പറും എഴുതിയിട്ടുണ്ടാവും. നിങ്ങളുടെ വസ്തുവിന്റെ റീസർവേ നമ്പർ 139/4 ആണെങ്കിൽ 4 രേഖപ്പെടുത്തിയ കോളം ആണ് നിങ്ങളുടെ സർവേ പ്ളാൻ. ആ പ്ളാനിൻറെ വശങ്ങളിൽ ഓരോ വശങ്ങളുടെയും അളവ് മീറ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ടാവും.
ഇത്തരം ഷീറ്റുകൾ റീസർവേ നമ്പർ ക്രമത്തിൽ ഒന്ന് മുതൽ നൂറു വരെ ഒരു ബുക്കു പോലെ കുത്തിക്കെട്ടി ഒരു പകർപ്പ് വില്ലേജ് ഓഫീസിലും ഒരു പകർപ്പ് താലൂക്ക് ഓഫീസിലും ഒരു പകർപ്പ് തിരുവനന്തപുരം സർവേ ഡയറക്ടറേറ്റിലും സൂക്ഷിക്കും. ഇത്തരം റീസർവേ സ്കെച്ചുകളെ FMB എന്ന് ചുരുക്കി പറയും. പൂർണ്ണ രൂപം Field measurement book എന്നാണ്.
അതോടൊപ്പം റീസർവേ നമ്പർ ക്രമത്തിലും , ആ റീസർവേ നമ്പറിലെ സബ്ഡിവിഷൻ നമ്പർ ക്രമത്തിലും , വസ്തുവിൻറെ ഉടമയുടെ പേരും പഴയ സർവേ നമ്പറും, വസ്തുവിൻറെ ഇനവും വസ്തുവിന്റെ അളവും തണ്ടപ്പേര് നമ്പരും എല്ലാം ചേർത്ത് ഒരു രജിസ്റ്ററും മൂന്ന് പകർപ്പ് എഴുതി തയാറാക്കും. ഇതിൽ സർക്കാറിന്റെ ഉടമസ്ഥതയിലുള്ള റോഡ് , തോട് , പാറക്കെട്ടുകൾ ,പൊതു സ്ഥലങ്ങൾ എല്ലാം കൃത്യമായി ചേർത്തിട്ടുണ്ടാവും. ഈ രജിസ്റ്ററിനെ BTR അഥവാ Basic Tax Register എന്ന് പറയും. മലയാളത്തിൽ ഇതിനെ അടിസ്ഥാന നികുതി രജിസ്റ്റർ എന്ന് പറയും . ഇവയും ഓരോ പകർപ്പ് മുകളിൽ പറഞ്ഞ ഓഫീസുകളിൽ സൂക്ഷിക്കും. ഒരു റീ സർവേ ബ്ളോക്കിൽ 400 റീസർവേ നമ്പറുകൾ ഉണ്ടെങ്കിൽ 400 FMB ഷീറ്റുകൾ ഉണ്ടാവും . അതായത് 100 എണ്ണം വച്ചുള്ള നാല് വാലൃങ്ങൾ. അതുപോലെ നാനൂറ് റീസർവേ നമ്പറുകളും അവയുടെ സബ്ഡിവിഷൻ നമ്പറുകളുടെ അവയുടെ വിശദാംശങ്ങളും BTR ൽ ഉണ്ടാവും. FMB യോടൊപ്പം ഈ BTRകൂടി തുറന്നു വച്ചാൽ വസ്തു സംബന്ധിച്ച് എല്ലാ വിവരങ്ങളും ലഭിക്കും.
ഇങ്ങനെ ലഭിക്കുന്ന FMB കളുടെ ചെറിയ സ്കെയിലിൽ വരച്ച പടങ്ങൾ, ഒരു ബ്ളോക്കിൽ വരുന്നവ ഒന്നിച്ച്, അതിർത്തി ക്രമത്തിൽ യോജിപ്പിച്ച് , പത്രം പോലെ വലിപ്പമുള്ള വലിയ ഷീറ്റിൽ വരച്ചതും റീസർവേ രേഖയോടൊപ്പം തയാറാക്കും. ഇതിൽ ഓരോ കോളത്തിലും അതാതിന്റെ സർവേ നമ്പർ മാത്രം എഴുതിയിട്ടുണ്ടാവും. സബ് ഡിവിഷൻ കോളങ്ങളോ സബ് ഡിവിഷൻ നമ്പറോ ഉണ്ടാവില്ല. ഇത്തരം ബ്ളോക്ക് ഷീറ്റുകൾ വീണ്ടും ചെറുതാക്കി, അതിർത്തി ക്രമത്തിൽ യോജിപ്പിച്ച് ബ്ളോക്ക് മാപ്പും, ബ്ളോക്കുകൾ അതിർത്തി ക്രമത്തിൽ യോജിപ്പിച്ചാൽ വില്ലേജ് മാപ്പും ലഭിക്കും. ഇത്തരം വില്ലേജ് മാപ്പുകളിൽ റോഡ് , പുഴ, പള്ളികൾ, അമ്പലങ്ങൾ, സ്കൂളുകൾ, പൊതു സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥിതി സ്ഥാപക ചിഹ്നങ്ങൾ രേഖപ്പെടുത്തിയിരിക്കും. ഇത്തരം വില്ലേജ് മാപ്പുകൾ അതിർത്തി ക്രമത്തിൽ ചേർത്തു വച്ചാൽ താലൂക്ക് മാപ്പും . താലൂക്കുകൾ ചേർത്തു ജില്ലയും, ജില്ലകൾ ക്രമത്തിൽ ചേർത്ത് നമ്മുടെ സംസ്ഥാന മാപ്പും ലഭിക്കും.
മുകളിൽ പറഞ്ഞ പ്രകാരം തയാറാക്കിയ വില്ലേജ് മാപ്പും Basic tax registerഉം ഉപയോഗിച്ച് , മിടുക്കരായ വില്ലേജ് ജീവനക്കാർക്ക് സർവേ നമ്പർ പറഞ്ഞാൽ വസ്തു വില്ലേജിൽ എവിടെ ആണെന്നും, വസ്തുവിൻറെ മറ്റുള്ള മുഴുവൻ വിവരങ്ങളും അയൽ വസ്തുക്കൾ ആരുടെ ആണെന്നു പോലും ഓഫീസിലിരുന്ന് പറയാൻ കഴിയും. അല്ലെങ്കിൽ വസ്തു ഫീൽഡിൽ കാണിച്ചു കൊടുത്താൽ സർവേ നമ്പറും മറ്റുള്ള അടിസ്ഥാന വിവരങ്ങളും ഓഫീസിലെ രേഖകൾ നോക്കി പറയാൻ കഴിയും.
ഇങ്ങനെ റീ സർവേ നടപടികൾ നിങ്ങളുടെ പ്രദേശത്ത് അഞ്ച് വർഷം മുമ്പ് തുടങ്ങി എന്ന് കരുതുക. ആ സമയത്തും നിങ്ങളുടെ നാട്ടിൽ വസ്തു വിൽപനയും ധനനിശ്ചയാധാരങ്ങൾ എഴുതുന്നതും, വിൽപത്രം എഴുതുന്നതും, പട്ടയങ്ങൾ നൽകുന്നതും എല്ലാം നടക്കുന്നുണ്ടാവും. എന്നു പറഞ്ഞാൽ വസ്തു സർവെ ചെയ്തു കഴിഞ്ഞു വീണ്ടും ഉടമസ്ഥൻമാർ മാറുന്നുണ്ടാവും. അതുകൊണ്ടു തന്നെ റീ സർവേ നടപടികൾ നടന്നു പോയ ശേഷം വീണ്ടും പേരുമാറ്റവും സബ് ഡിവിഷൻ സർവ്വേയും ആവശൃമായി വരാം. ഇത് റവന്യൂ വകുപ്പിന്റെ കുറ്റമല്ല എന്ന് മനസ്സിലാക്കുക.
റീ സർവേ രേഖകൾ വില്ലേജിൽ നടപ്പിൽ വരുത്തും മുമ്പ് സാധാരണ കരട് രേഖകൾ പരസൃപ്പെടുത്തും . റീ സർവേ രേഖകൾ നടപ്പിൽ വന്നു കഴിഞ്ഞാൽ പിന്നെ അതിൽ തിരുത്തൽ വരുത്താൻ ഇപ്പോൾ ഭൂരേഖ തഹസിൽദാർ ആണ് അധികാരി. മുൻപ് സർവേ സൂപ്രണ്ട് ആയിരുന്നു ഇത് ചെയ്തിരുന്നത്.
അതിർത്തി തർക്കങ്ങളും, അതിർത്തി മാറ്റങ്ങളും , വിസ്തീർണ്ണ വിത്യാസവും സർവേയറെ ഉപയോഗിച്ച് സർവേ ചെയ്തു തിരുത്തൽ വരുത്തേണ്ട കാരൃത്തിന് ഭൂരേഖ തഹസിൽദാർക്ക് തെളിവുകൾ സഹിതം അപേക്ഷ നൽകണം. BTR ൽ തിരുത്തൽ വരുത്താനും സപ്ളിമെൻറ് BTR എഴുതാനും ഭൂരേഖ തഹസീൽദാരുടെ ഉത്തരവ് വേണം.
???? കടപ്പാട്: റവന്യൂ വകുപ്പ് വെബ്ബ്സൈറ്റ്