ടിപ്പററി: സെന്റ് കുര്യാക്കോസ് മലങ്കര (ഇന്ത്യൻ) ഓർത്തഡോക്സ് ദേവാലയത്തിന്റെ രണ്ടാം കല്ലിട്ട പെരുന്നാൾ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു.
നവംബർ 22-ന് രാവിലെ ഇടവക വികാരി ഫാ. ജിത്തു വർഗീസിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്ന് പ്രദക്ഷിണവും ആശീർവാദവും നടത്തപ്പെട്ടു. പെരുന്നാളിനോടനുബന്ധിച്ച് കുടുംബസംഗമവും സ്നേഹവിരുന്നും സംഘടിപ്പിച്ചു.
കുടുംബസംഗമത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത Dr. Dn. M. G. Lazarus, ‘ഇന്നത്തെ കാലഘട്ടത്തിൽ ആത്മീയതയിലൂന്നിയ രക്ഷാകർതൃത്വത്തിലൂടെ കുഞ്ഞുങ്ങളെ എങ്ങനെ നല്ല വ്യക്തിത്വങ്ങളായി വളർത്തിയെടുക്കാം’ എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. കുട്ടികളുടെ വ്യക്തിത്വവികസനത്തിൽ ആത്മീയ മൂല്യങ്ങൾക്കും കുടുംബാന്തരീക്ഷത്തിനുമുള്ള പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു.
പെരുന്നാളിനോടനുബന്ധിച്ച് ഇടവകയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ കോഴിക്കോട് ജില്ലയിൽ നിന്നുള്ള ചികിത്സാസഹായം ആവശ്യമുള്ള മൂന്ന് പിഞ്ചുകുഞ്ഞുങ്ങൾക്ക് ധനസഹായം കൈമാറി. ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഈ കാരുണ്യപ്രവർത്തനം പെരുന്നാളിന് കൂടുതൽ അർത്ഥവത്തായ സന്ദേശം പകർന്നു.
2024 നവംബറിൽ വിശുദ്ധ കൂദാശയിലൂടെ മലങ്കര( ഇന്ത്യൻ )ഓർത്തഡോക്സ് സഭയ്ക്ക് സമർപ്പിക്കപ്പെട്ട ഈ ദേവാലയം, പൈതൽ സഹദാ എന്നറിയപ്പെടുന്ന വിശുദ്ധ കുര്യാക്കോസിന്റെയും മാതാവ് യൂലിത്തിയയുടെയും നാമധേയത്തിലാണ് സ്ഥാപിതമായിരിക്കുന്നത്.അഭിവന്ദ്യ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തയുടെയും അഭിവന്ദ്യ എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്തയുടെയും വിശുദ്ധ കരങ്ങളാൽ കൂദാശ ചെയ്യപ്പെട്ട ഈ ദേവാലയം, അയർലൻഡിലെ മലങ്കര ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ പ്രഥമ വിശുദ്ധ കൂദാശ ചെയ്യപ്പെട്ട ദേവാലയമാണ്.
അയർലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ ഈ ദേവാലയത്തിൽ പ്രാർത്ഥനയ്ക്കായി എത്തിച്ചേരുകയും ആത്മീയാനുഗ്രഹം പ്രാപിക്കുകയും ചെയ്യുന്നു. വിശ്വാസവും കൂട്ടായ്മയും കാരുണ്യവും ഒത്തുചേർന്ന പെരുന്നാൾ ആഘോഷം ഇടവകാംഗങ്ങൾക്ക് അവിസ്മരണീയമായ അനുഭവമായി മാറി.
