ഡബ്ലിൻ: ക്രിസ്മസ് കാലയളവിൽ അന്താരാഷ്ട്ര യാത്രകൾ ആസൂത്രണം ചെയ്യുന്ന ഉപഭോക്താക്കൾക്ക് സൗകര്യമൊരുക്കുന്ന ഒരു പദ്ധതി ഇമിഗ്രേഷൻ സർവീസസ് ഡെലിവറി (ISD) പ്രഖ്യാപിച്ചു. ഐറിഷ് റെസിഡൻസ് പെർമിറ്റ് (IRP) കാർഡ് കാലഹരണപ്പെടുന്നതിന് മുമ്പ് അനുമതി പുതുക്കാൻ അപേക്ഷിച്ച നോൺ-EEA പൗരന്മാർക്ക് തടസ്സങ്ങളില്ലാതെ യാത്ര ചെയ്യാൻ സർക്കാർ അനുമതി നൽകും.
IRP രജിസ്‌ട്രേഷനും പുതുക്കലും പ്രോസസ്സ് ചെയ്യുന്നതിൽ ഇമിഗ്രേഷൻ സർവീസസ് നേരിടുന്ന കാലതാമസം കണക്കിലെടുത്താണ് ഈ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. രജിസ്‌ട്രേഷൻ പൂർത്തിയായാൽ IRP കാർഡ് തപാൽ വഴി ലഭിക്കാൻ സാധാരണയായി രണ്ടാഴ്ച കൂടി എടുക്കും.
യാത്രയ്ക്കുള്ള കാലാവധി നീട്ടി
IRP കാർഡ് പുതുക്കുന്നതിന് അപേക്ഷിച്ച നോൺ-EEA പൗരന്മാർക്ക് 2025 ഡിസംബർ 8 മുതൽ 2026 ജനുവരി 31 വരെ യാത്ര ചെയ്യാൻ നിലവിലുള്ള, കാലഹരണപ്പെട്ട IRP കാർഡ് മതിയാകും.
ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതിനായി, അപേക്ഷകർ ഇമിഗ്രേഷൻ അധികാരികൾക്കും എയർലൈനുകൾക്കും താഴെ പറയുന്ന രേഖകൾ സമർപ്പിക്കണം:
- കാലഹരണപ്പെട്ട IRP കാർഡ്.
- ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത ട്രാവൽ കൺഫർമേഷൻ നോട്ടീസ് (ISD വെബ്സൈറ്റിൽ ലഭ്യമാണ്).
- പുതുക്കാനുള്ള അപേക്ഷ സമർപ്പിച്ച തീയതി വിശദീകരിക്കുന്ന ഇമെയിൽ സ്ഥിരീകരണം.
വകുപ്പ് തുടർന്നും പുതുക്കാനുള്ള അപേക്ഷകൾ പ്രോസസ്സ് ചെയ്യും. നിലവിലുള്ള ഈ ക്രമീകരണത്തെക്കുറിച്ച് എല്ലാ എയർലൈനുകളെയും വിദേശ മിഷനുകളെയും വകുപ്പ് അറിയിച്ചിട്ടുണ്ട്. അയർലൻഡിലേക്ക് മടങ്ങുന്നതിനായി മൂന്നാം രാജ്യത്തിലൂടെ യാത്ര ചെയ്യുന്നതിന് വിസ ഉൾപ്പെടെയുള്ള ഇമിഗ്രേഷൻ ആവശ്യകതകൾ യാത്രക്കാർ പാലിക്കേണ്ടതുണ്ടെന്നും അധികൃതർ അറിയിച്ചു.
നിലവിലുള്ള അനുമതി പുതുക്കേണ്ടതും ക്രിസ്മസ് കാലയളവിൽ അന്താരാഷ്ട്ര യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരുമായ നോൺ-EEA പൗരന്മാർക്ക് അടുത്തിടെ അസാധുവായ IRP കാർഡിൽ പ്രശ്നരഹിതമായി യാത്ര ചെയ്യാമെന്ന് നീതിന്യായ മന്ത്രിയും വ്യക്തമാക്കി.

