കീവ്, യുക്രെയ്ൻ – ക്രിപ്റ്റോ വ്യവസായ രംഗത്തെ യുവ പ്രമുഖനായ കോൺസ്റ്റാന്റിൻ ഗാലിച്ച് (കോസ്ത്യ കുഡോ – 32), കീവിലെ ഒബോളോൺസ്ക്‌കി ജില്ലയിൽ സ്വന്തം വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ കറൻസി വിപണി തകർച്ചയ്ക്ക് തൊട്ടുപിന്നാലെയാണ് ഈ സംഭവം.
തലയ്ക്ക് വെടിയേറ്റ നിലയിലാണ് കോൺസ്റ്റാന്റിൻ ഗാലിച്ചിനെ അദ്ദേഹത്തിൻ്റെ ലംബോർഗിനിക്കുള്ളിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് കോൺസ്‌റ്റാൻ്റിന്റെ പേരിൽ റജിസ്റ്റർ ചെയ്ത ഒരു തോക്ക് കണ്ടെത്തിയതായി കീവ് പൊലീസ് ഡിപ്പാർട്ട്മെന്റ് സ്ഥിരീകരിച്ചു.
അസ്വാഭാവിക മരണത്തിനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ലെങ്കിലും, പ്രാഥമിക വിവരങ്ങൾ ആത്മഹത്യയിലേക്കാണ് വിരൽചൂണ്ടുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം താൻ വിഷാദത്തിലായിരുന്നെന്ന് കോൺസ്‌റ്റാൻ്റിൻ ബന്ധുക്കളോട് പറഞ്ഞിരുന്നതായി പൊലീസ് വ്യക്തമാക്കി.
യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഏതാനും ആഴ്ച്‌ചകൾക്കുള്ളിൽ ചൈനീസ് ഉൽപന്നങ്ങൾക്ക് 100 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന ഭീഷണി മുഴക്കിയതാണ് ക്രിപ്റ്റോ വിപണിയിലെ ഈ കനത്ത തകർച്ചയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ട്രംപിൻ്റെ പ്രഖ്യാപനത്തിന് 24 മണിക്കൂറിനുള്ളിൽ ക്രിപ്റ്റോ വിപണിയിൽ നിന്ന് ഏകദേശം 400 ദശലക്ഷം ഡോളറാണ് (ഏകദേശം 3,300 കോടിയിലധികം ഇന്ത്യൻ രൂപ) ഇല്ലാതായത്. ഈ ആഘാതം ഗാലിച്ച് ഉൾപ്പെടെയുള്ള നിരവധി ക്രിപ്റ്റോ വ്യവസായികളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു.
മരണത്തിൻ്റെ കൃത്യമായ കാരണം കണ്ടെത്താനായി കീവ് പൊലീസ് അന്വേഷണം തുടരുകയാണ്. സാമ്പത്തിക തകർച്ചയുമായി ബന്ധപ്പെട്ട ദുരന്തമായി ഇതിനെ കണക്കാക്കുന്നു.

