സാമ്പത്തികപ്രതിസന്ധിയെത്തുടർന്ന് ഈ വാരാന്ത്യത്തോടെ 17,000 ജീവനക്കാരെ പിടിച്ചുവിടാനൊരുങ്ങി വിമാനനിർമാണമേഖലയിലെ വമ്പന്മാരായ ബോയിങ്. കമ്പനിയുടെ ചെലവ് കുറയ്ക്കുന്നതിന്റെയും ജീവനക്കാരുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് മുഴുവൻജീവനക്കാരുടെ പത്തുശതമാനം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് ബോയിങ് കമ്പനി സി.ഇ.ഒ. കെല്ലി ഓട്ട്ബെർഗ് പറഞ്ഞു. ആകെ 1,70,000 ജീവനക്കാരാണ് ബോയിങ് കമ്പനിയിൽ ജോലി ചെയ്യുന്നത്.
ബുധനാഴ്ച മുതലാണ് ജീവനക്കാർക്ക് പിരിച്ചുവിടൽ അറിയിപ്പുകൾ ലഭിച്ചുതുടങ്ങിയത്. 400-ലധികം തൊഴിലാളികൾക്ക് ഇതിനകം തന്നെ പിരിച്ചുവിടൽ നോട്ടീസ് നൽകിയിട്ടുണ്ട്. 2025 ജനുവരി പകുതിയോടെ നോട്ടീസ് ലഭിച്ച ജീവനക്കാർ ജോലിയിൽനിന്ന് സ്ഥിരമായി പിരിച്ചുവിടപ്പെടും. സൗത്ത് കരോലിനയിലും വാഷിങ്ടണിലുമുള്ള ജീവനക്കാരെയാണ് ആദ്യഘട്ടത്തിൽ പിരിച്ചുവിടുന്നത്. എക്സിക്യുട്ടീവുകൾ, മാനേജർമാർ, ഫാക്ടറി ജോലിക്കാർ തുടങ്ങി എല്ലാമേഖലയിലുള്ളവർക്കും നോട്ടീസ് ലഭിച്ചിട്ടുള്ളതായി യു.എസ്. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നിലവിലെ സാമ്പത്തിക സ്ഥിതിയുമായി തങ്ങളുടെ തൊഴിലാളികളെ വിന്യസിക്കാനുള്ള ബോയിങ്ങിൻ്റെ ശ്രമങ്ങളുടെ ഭാഗമാണ് പിരിച്ചുവിടലുകൾ. 737 മാക്സ് വിമാനവുമായി ബന്ധപ്പെട്ട ഉൽപ്പാദന പ്രശ്നങ്ങളിലും നിയന്ത്രണ പരിശോധനയിലും കമ്പനി ബുദ്ധിമുട്ടുകയാണ്.
കടുത്ത സാമ്പത്തികപ്രതിസന്ധിയിലൂടെയാണ് കമ്പനി കടന്നുപോകുന്നതെന്നും, വരുംമാസങ്ങളിൽ പിരിച്ചുവിടൽ തുടരുമെന്നും കെല്ലി പറഞ്ഞു.