വ്യാപാര യുദ്ധത്തില്‍ ചൈനയോട് വിട്ടുവീഴ്ചയില്ലാതെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്കുമേല്‍ ചുമത്തിയിരുന്ന പകരച്ചുങ്കം 90 ദിവസത്തേക്ക് ട്രംപ് ഭരണകൂടം മരവിപ്പിച്ചു. എന്നാല്‍ ചൈനയ്ക്കുള്ള ഇറക്കുമതിത്തീരുവ 125 ശതമാനമായി ഉയര്‍ത്തുകയും ചെയ്തു. ചൈന ഒഴികെയുള്ള മറ്റു രാജ്യങ്ങള്‍ക്ക് അടിസ്ഥാന തീരുവ 10 ശതമാനമായിരിക്കും. അധികമായി ചുമത്തിയ തീരുവയാണ് 90 ദിവസത്തേക്ക് മരവിപ്പിച്ചിരിക്കുന്നത്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റാണ് ഇക്കാര്യം അറിയിച്ചത്.
വ്യാപാര യുദ്ധം കനക്കുന്നതിനിടെ ചൈനയ്ക്ക് ബുധനാഴ്ച 104 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ അതേനാണയത്തില്‍ ചൈന തിരിച്ചടിച്ചു. യുഎസില്‍നിന്ന് ഇറക്കുമതിചെയ്യുന്ന ചരക്കിന് ചൈന 84 ശതമാനം തീരുവ പ്രഖ്യാപിച്ചു. ഇത് വ്യാഴാഴ്ച ഉച്ചയ്ക്ക് 12.01-ന് നിലവില്‍വരുമെന്നും അറിയിച്ചു. ഈ പ്രഖ്യാപനം നടത്തി 24 മണിക്കൂര്‍ പിന്നിടുംമുമ്പാണ് യുഎസ് ചൈനീസ് ഉത്പന്നങ്ങള്‍ക്കുള്ള തീരുവ വീണ്ടും ഉയര്‍ത്തി 125 ശതമാനത്തിലെത്തിച്ചിരിക്കുന്നത്.
വ്യാപാര പങ്കാളികളുള്‍പ്പെടെ അറുപതോളം രാജ്യങ്ങള്‍ക്ക് ട്രംപ് പകരച്ചുങ്കം ഏര്‍പ്പെടുത്തിയിരുന്നു. ഇത് ബുധനാഴ്ച നിലവില്‍വരികയും ചെയ്തിരുന്നു. അതാണിപ്പോള്‍ 90 ദിവസത്തേക്ക് മരവിപ്പിച്ചിരിക്കുന്നത്. ഇന്ത്യക്ക് യുഎസ് ചുമത്തിയത് 26 ശതമാനമായിരുന്നു. ചൈനയ്ക്ക് 34 ശതമാനവും. എന്നാല്‍, അതിനുമുന്‍പ് രണ്ടുതവണയായി ചുമത്തിയ 10 ശതമാനം വീതം തീരുവകൂടിചേര്‍ന്നപ്പോള്‍ അത് 54 ശതമാനമായി. ഇതിനുള്ള മറുപടിയായി ചൈന യുഎസ് ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം ഇറക്കുമതിത്തീരുവ ചുമത്തി. അത് ബുധനാഴ്ച നിലവില്‍വരുമെന്ന് പ്രഖ്യാപിച്ചു. കുപിതനായ ട്രംപ്, ചൊവ്വാഴ്ച ചൈനയ്ക്ക് 50 ശതമാനം തീരുവകൂടി ചുമത്തി. അതോടെയാണ് ചൈന യുഎസിനു നല്‍കേണ്ട ഇറക്കുമതിത്തീരുവ 104 ശതമാനമായി. ഇത് ബുധനാഴ്ച നിലവില്‍വരുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് പ്രതികാരനടപടിയായി യുഎസ് ഉത്പന്നങ്ങള്‍ക്ക് 84 ശതമാനം തീരുവ ചുമത്തുന്നതായി ചൈനീസ് ധനമന്ത്രാലയം അറിയിച്ചത്. മണിക്കൂറുകള്‍ക്കകം ചൈനയ്ക്കുള്ള തീരുവ 125 ശതമാനമാക്കി ട്രംപ് തിരിച്ചടിക്കുകയും ചെയ്തു.