കാനഡയിലെ ബ്രാംപ്ടണിലെ ക്ഷേത്രത്തിന് നേരെ ഖാലിസ്ഥാൻ അനുകൂലികൾ നടത്തിയ അക്രമാസക്തമായ ആക്രമണത്തെ കാനഡയിലെ ഇന്ത്യൻ കോൺസുലേറ്റ് അപലപിച്ചു. ഇന്ത്യ വിരുദ്ധ നിലപാടുകളുടെ ഉത്തമ ഉദാഹരണമാണ് സംഭവവമെന്നും ഒട്ടാവയിലെ ഇന്ത്യന്‍ കോൺസുലേറ്റ് പ്രതികരിച്ചു.
ടൊറന്റോക്ക് സമീപമുള്ള ഹിന്ദു സഭാ മന്ദിറിന് പുറത്ത് നടന്ന സംഭവത്തിൽ ഇന്ത്യാ വിരുദ്ധർ കോൺസുലാർ പരിപാടികൾ തടസ്സപ്പെടുത്തിയതായും ഇന്ത്യൻ കോൺസുലേറ്റിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. സംഭവത്തെ ‘ഇന്ത്യ വിരുദ്ധ ഘടകങ്ങൾ സംഘടിപ്പിച്ച ആക്രമണം’ എന്ന് ഇന്ത്യൻ മിഷൻ വിശേഷിപ്പിച്ചു.
വിദേശത്തുളള ഇന്ത്യന്‍ വംശജര്‍ക്ക് കോൺസുലേറ്റിന്റെ സേവനങ്ങൾ ലഭ്യമാക്കാൻ ഖലിസ്ഥാനികള്‍ തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇത്തരം പ്രതികൂല സാഹചര്യങ്ങളിലും 1,000 ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ ഇന്ത്യകാര്‍ക്കും കനേഡിയന്‍ അപേക്ഷകര്‍ക്കും നല്കാന് കോണ്‍സുലേറ്റിന് സാധിച്ചതായും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.
കാനഡയിലെ ഭരണകക്ഷിയായ ലിബറൽ പാർട്ടിയിൽ നിന്നുള്ള ഫെഡറൽ നിയമസഭാംഗമായ ചന്ദ്ര ആര്യ ആക്രമണത്തിന് പിന്നിൽ ഖലിസ്ഥാൻ തീവ്രവാദികളാണ് എന്ന് ആരോപിച്ചു.
ബ്രാംപ്റ്റണിലെ ഹിന്ദുസഭാ ക്ഷേത്രം ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. അമ്പലത്തിന് പുറത്തുള്ളവരെ ഖലിസ്ഥാന്‍ അനുകൂലികള്‍ ആക്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
സംഭവത്തെ കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ അപലപിച്ചിരുന്നു. ആക്രമണം പ്രോത്സാഹിപ്പിക്കില്ലെന്നും നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.