പെൻസിൽവേനിയയിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രസംഗിക്കുകയായിരുന്ന മുന്‍ യു.എസ്.പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെ ഉണ്ടായത് അപ്രതീക്ഷിത ആക്രമണം. വേദിയിൽ സംസാരിക്കുന്നതിനിടെയാണ് അക്രമി ട്രംപിന് നേരേ വെടിയുതിർത്തത്. തുടരെത്തുടരെ മൂന്ന് തവണ അക്രമി വെടിയുതിർത്തതോടെ ട്രംപ് നിലത്തേക്ക് വീണു. ഉടൻ തന്നെ രക്ഷാപ്രവർത്തകർ എത്തി ട്രംപിനെ വലയം ചെയ്തു. വലത് ചെവിയിൽനിന്ന് രക്തം വാർന്ന നിലയിൽ ട്രംപ് നിൽക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
തുടരെ അക്രമി വെടിയുതിർത്തുകൊണ്ടേയിരുന്നുവെന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പിന്നീട് നിലത്ത് നിന്ന് ചോരയൊലിക്കുന്ന മുഖവുമായാണ് ട്രംപ് എഴുന്നേറ്റത്. സംഭവസ്ഥലത്തുനിന്ന് എ.ആർ-15 സെമി ഓട്ടോമാറ്റിക് തോക്ക് കണ്ടെടുത്തിട്ടുണ്ട്.
അമേരിക്കയിലെ പെൻസിൽവാനിയ സ്വദേശിയായ 20കാരൻ തോമസ് മാത്യു ക്രൂക്ക്സ് എന്നയാളാണ് അക്രമിയെന്ന് എഫ്.ബി.ഐ അറിയിച്ചു. ആക്രമണത്തിന്‍റെ കാരണവും ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ഉടൻ പുറത്തുവിടുമെന്നാണ് കരുതുന്നത്.
ട്രംപിനെതിരേ നടന്ന അക്രമണം വധശ്രമമായിരുന്നുവെന്ന് എഫ്ബിഐ ഉദ്യോഗസ്ഥൻ കെവിൻ റോജക് സ്ഥിരീകരിച്ചു. ആക്രമണത്തിന് പിന്നാലെ, ട്രംപിന്റെ മകൻ എറിക് ട്രംപ് ‘ഇതു പോലൊരു പോരാളിയെയാണ് അമേരിക്കയ്ക്കാവശ്യം’ എന്ന തലക്കെട്ടോടെ ട്രംപ് ചോരയൊലിക്കുന്ന മുഖവുമായി നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
സീക്രട്ട് സർവീസും ആഭ്യന്തര സുരക്ഷാ വിഭാഗവും ചേർന്നാണ് ആക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തുന്നത്.
ട്രംപിനുനേർക്കുണ്ടായ ആക്രമണത്തെ യു.എസ് പ്രസിഡന്‍റ് ജോ ബൈഡനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമടക്കം നേതാക്കൾ അപലപിച്ചു.
അതേസമയം, പരിക്കേറ്റ് ചികിത്സ തേടിയ ട്രംപ് ആശുപത്രി വിട്ടു. അടുത്തയാഴ്ച നടക്കുന്ന റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷനിൽ ട്രംപ് പങ്കെടുക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹത്തിന്‍റെ തെരഞ്ഞെടുപ്പ് കാമ്പയിൻ സംഘം അറിയിച്ചു.