ദുബായിലെ ഇന്ത്യൻ പ്രവാസികൾക്ക് പാസ്‌പോർട്ട് ഫോട്ടോയ്ക്ക് കർശന നിയമങ്ങൾ വരുന്നു. സെപ്റ്റംബർ ഒന്നു മുതൽ, ദുബായിൽ പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കുകയോ പുതുക്കുകയോ ചെയ്യുന്ന ഇന്ത്യൻ പ്രവാസികൾ ഫോട്ടോ സംബന്ധിച്ച പുതിയ നിയമങ്ങൾ പാലിക്കണം. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) ഓഗസ്റ്റ് 25-ന് പുറത്തിറക്കിയ മാനദണ്ഡങ്ങൾ പാലിക്കുന്ന ഫോട്ടോകൾ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു.
ഇന്ത്യൻ പാസ്‌പോർട്ടുകളെ ആഗോള ബയോമെട്രിക് ആവശ്യകതകൾക്ക് അനുസൃതമാക്കുന്നതിന്റെ ഭാഗമായാണിത്. പാസ്‌പോർട്ട് സേവാ പോർട്ടൽ വഴി ലോകമെമ്പാടുമുള്ള എംബസികൾക്കും കോൺസുലേറ്റുകൾക്കും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നൽകിയ നിർദേശത്തെ തുടർന്നാണ് ഈ തീരുമാനം.
അപേക്ഷകർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ഈ മാറ്റത്തിലൂടെ, മിക്ക അപേക്ഷകരും പുതുക്കിയ മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള പുതിയ ഫോട്ടോകൾ സമർപ്പിക്കേണ്ടി വരും. മുൻപ് ചില ഇളവുകൾ അനുവദിച്ചിരുന്നുവെങ്കിലും, പാസ്‌പോർട്ടുകൾ മെഷീൻ റീഡബിൾ ആണെന്നും ആഗോളതലത്തിൽ സ്വീകാര്യമാണെന്നും ഉറപ്പാക്കാൻ ICAO മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ പുതിയ നിയമങ്ങൾ ആവശ്യപ്പെടുന്നു.
ഫോട്ടോയുടെ പുതുക്കിയ മാനദണ്ഡങ്ങൾ
- ഫോർമാറ്റ്: വെളുത്ത പശ്ചാത്തലത്തിലുള്ള കളർ ഫോട്ടോ, വലുപ്പം 630 x 810 പിക്സൽ (പ്രിന്റ് ചെയ്യുകയാണെങ്കിൽ 2×2 ഇഞ്ച്).
ഫ്രെയിമിങ്: തലയും തോളുകളും വ്യക്തമാകുന്ന ക്ലോസപ്പ് ചിത്രം, മുഖം ഫ്രെയിമിന്റെ 80-85 ശതമാനം വരെ വരണം.
വ്യക്തത: ഫിൽട്ടറുകൾ, കമ്പ്യൂട്ടർ എഡിറ്റുകൾ, മങ്ങൽ എന്നിവ പാടില്ല. സ്വാഭാവിക നിറം ദൃശ്യമായിരിക്കണം.
ലൈറ്റിങ്: എല്ലായിടത്തും ഒരുപോലെ വെളിച്ചം വേണം, നിഴലുകൾ, പ്രകാശത്തിന്റെ പ്രതിഫലനം, റെഡ്-ഐ (കുറഞ്ഞ വെളിച്ചത്തിലോ രാത്രിയിലോ ഫോട്ടോഗ്രാഫിക് ഫ്ലാഷ് ഉപയോഗിക്കുമ്പോൾ കണ്ണുകളിൽ സംഭവിക്കുന്നത്) എന്നിവ ഉണ്ടാകരുത്.
മുഖഭാവം: കണ്ണുകൾ തുറന്നും വായ അടച്ചുമിരിക്കണം, മുടി കണ്ണിനെ മറയ്ക്കരുത്, മുഖം നേരെയും മധ്യഭാഗത്തായുമായിരിക്കണം.
കണ്ണടകളും ശിരോവസ്ത്രവും: കണ്ണടകൾ ഒഴിവാക്കണം. മതപരമായ കാരണങ്ങളാൽ ശിരോവസ്ത്രം ധരിക്കാമെങ്കിലും മുഖം പൂർണമായി കാണണം.
ഭാവം: നിർവികാരവും സ്വാഭാവികവുമായ ഭാവം.
ക്യാമറ ദൂരം: 1.5 മീറ്റർ ദൂരെ നിന്ന് എടുത്തതായിരിക്കണം.
എന്തുകൊണ്ട് ഈ മാറ്റം
ICAO മാനദണ്ഡങ്ങൾ പാലിക്കുന്ന ചിത്രങ്ങളിലേക്കുള്ള ഈ മാറ്റം ഇന്ത്യൻ പാസ്‌പോർട്ടുകളുടെ സുരക്ഷ വർധിപ്പിക്കാനും ലോകമെമ്പാടുമുള്ള ഇമിഗ്രേഷൻ കൗണ്ടറുകളിൽ അവയ്ക്ക് കൂടുതൽ സ്വീകാര്യത നൽകാനും ലക്ഷ്യമിടുന്നു. കുവൈറ്റിലേത് ഉൾപ്പെടെയുള്ള മറ്റ് ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ ഇതിനകം സമാനമായ നിബന്ധനകൾ നടപ്പിലാക്കിയിട്ടുണ്ട്. അബുദാബിയിലും ഇത് ഉടൻ നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അപേക്ഷ വൈകുന്നതും നിരസിക്കുന്നതും ഒഴിവാക്കാൻ, ദുബായിലെ അപേക്ഷകർ അപ്പോയിന്റ്മെൻ്റ് എടുക്കുന്നതിന് മുൻപ് പുതുക്കിയ നിയമങ്ങൾ ശ്രദ്ധാപൂർവം പരിശോധിക്കാൻ നിർദേശിക്കുന്നുണ്ട്. പ്രവാസികളെ സംബന്ധിച്ചിടത്തോളം, പുതിയ നിബന്ധനകൾ അനുസരിച്ചുള്ള ഫോട്ടോ എടുക്കുക എന്നത് ഒരു അധിക നടപടിക്രമം മാത്രമായിരിക്കാം. എന്നാൽ ഇത് സുഗമമായ യാത്രയും അന്താരാഷ്ട്ര അതിർത്തികളിലെ തടസ്സങ്ങൾ കുറയ്ക്കുകയും ചെയ്യും.