X-ലെ ഒരു പോസ്റ്റിൽ “ബ്രിട്ടീഷ് ഉൽപനങ്ങൾ വാങ്ങാൻ” ആളുകളോട് ആഹ്വാനം ചെയ്തതിന് ഋഷി സുനക്ക് സോഷ്യൽ മീഡിയയിൽ ശക്തമായ വിമർശനം നേരിടുന്നു. ബ്രിട്ടീഷുകാർ വിദേശ ഭക്ഷണത്തെ ആശ്രയിക്കരുതെന്നും പകരം പ്രാദേശിക ഉൽപ്പന്നങ്ങളെ പിന്തുണയ്ക്കണമെന്നും സുനക് കുറിച്ചു. പോസ്റ്റ് വ്യത്യസ്ത പ്രതികരണങ്ങൾക്ക് കാരണമായി. ചില ഉപയോക്താക്കൾ തമാശയായി പ്രതികരിച്ചപ്പോൾ മറ്റുള്ളവർ കൃഷിയിലും വ്യാപാരത്തിലും ബ്രെക്സിറ്റിന്റെ സ്വാധീനം ചൂണ്ടിക്കാട്ടി.
“നമ്മൾ വിദേശ ഭക്ഷണത്തെ ആശ്രയിക്കരുത്. ബ്രിട്ടീഷ് ഉൽപനങ്ങൾ വാങ്ങുക”, എക്സിലെ തന്റെ സന്ദേശത്തിൽ സുനക് എഴുതി. X-ലെ ഉപയോക്താക്കൾ ഇതിനോട് ശക്തമായി പ്രതികരിച്ചു. 1905-ൽ ആരംഭിച്ച സ്വാശ്രയത്വത്തിനായുള്ള ചരിത്രപരമായ പ്രതിഷേധമായ ഇന്ത്യയിലെ സ്വദേശി പ്രസ്ഥാനവുമായി താരതമ്യപ്പെടുത്തി ഒരാൾ പരിഹാസത്തോടെ റീപോസ്റ്റ് ചെയ്തു. ആ പ്രസ്ഥാനത്തിൽ ആളുകൾ വിദേശ വസ്തുക്കൾ ബഹിഷ്കരിക്കുകയും ഖാദി പോലുള്ള പ്രാദേശിക ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്തു എന്നതായിരുന്നു കുറിപ്പ്.
സുനക്കിന്റെ പോസ്റ്റിനെ രൂക്ഷമായി വിമർശിച്ച് ഭക്ഷ്യ നിരൂപകൻ ജയ് റെയ്നറും രംഗത്തെത്തി. മോശമായി ആസൂത്രണം ചെയ്ത സബ്സിഡികളിലൂടെയും ഇറക്കുമതി നിയന്ത്രിക്കുന്ന അതിർത്തി നിയന്ത്രണങ്ങളിലൂടെയും ഭക്ഷ്യ ഉൽപ്പാദനം ദുർബലപ്പെടുത്തുന്നതിന് ബ്രെക്സിറ്റിനെ അദ്ദേഹം കുറ്റപ്പെടുത്തി.
മിറർ റിപ്പോർട്ട് ചെയ്തതുപോലെ, ബ്രെക്സിറ്റിനു ശേഷമുള്ള അതിർത്തി പരിശോധനകൾ ഭക്ഷണ വില വർദ്ധിപ്പിക്കുമെന്നും ഷോപ്പർമാരുടെ തിരഞ്ഞെടുപ്പുകൾ പരിമിതപ്പെടുത്തുമെന്നും ഈ വർഷം ആദ്യം ഭക്ഷ്യ വിതരണക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു.