ഡബ്ലിൻ: അയർലണ്ടിലെ നാഷണൽ ലോട്ടറിയുടെ പുതുവത്സര സ്പെഷ്യൽ ‘മില്യണയർ റാഫിൾ’ (Millionaire Raffle) നറുക്കെടുപ്പിൽ പത്ത് ലക്ഷം യൂറോയുടെ (1 Million Euro) ഒന്നാം സമ്മാനം കാവൻ (Cavan) സ്വദേശിക്ക്. 322259 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.
ടിക്കറ്റ് എടുത്തവർ ലോട്ടറി വെബ്സൈറ്റിലോ ആപ്പിലോ നമ്പറുകൾ പരിശോധിക്കണമെന്ന് അധികൃതർ അറിയിച്ചു. സമ്മാനാർഹർ ടിക്കറ്റിന് പിന്നിൽ ഒപ്പിട്ട് സുരക്ഷിതമായി സൂക്ഷിക്കണമെന്നും ലോട്ടറി ആസ്ഥാനവുമായി ബന്ധപ്പെടണമെന്നും നിർദ്ദേശമുണ്ട്.
സമ്മാനാർഹമായ ടിക്കറ്റ് വിറ്റ കട ഏതാണെന്ന വിവരം ജനുവരി 2 വെള്ളിയാഴ്ച നാഷണൽ ലോട്ടറി പുറത്തുവിടും.
കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ കാവൻ കൗണ്ടിയിൽ ലഭിക്കുന്ന മൂന്നാമത്തെ വലിയ സമ്മാനമാണിത്. ഡിസംബറിൽ 17 മില്യൺ യൂറോയുടെ യൂറോ മില്യൺ ജാക്ക്പോട്ടും നവംബറിൽ ഒരു മില്യൺ യൂറോയുടെ ഡെയ്‌ലി മില്യൺ സമ്മാനവും ഇവിടെ ലഭിച്ചിരുന്നു.
മറ്റ് സമ്മാനങ്ങൾ: ഒന്നാം സമ്മാനത്തിന് പുറമെ ആറ് പേർക്ക് ഒരു ലക്ഷം യൂറോ വീതം സമ്മാനം ലഭിച്ചു. ഡബ്ലിൻ, കോർക്ക്, ഡൊണീഗൽ, മൊണഗാൻ, ടിപ്പററി എന്നിവിടങ്ങളിലുള്ളവർക്കാണ് ഈ സമ്മാനം ലഭിച്ചത്.

