അയർലൻഡിലെ പകുതിയിലധികം വരുന്ന വാടകക്കാർക്ക് വലിയ ആശ്വാസം നൽകുന്ന ചരിത്രപരമായ നിയമപരിഷ്കാരത്തിന് സർക്കാർ തുടക്കമിട്ടു. 2026 മാർച്ച് 1 മുതൽ നിലവിൽ വരുന്ന പുതിയ ‘റെസിഡൻഷ്യൽ ടെനൻസി ഭേദഗതി ബിൽ’ രാജ്യത്തെ വാടക വിപണിയെ പൂർണ്ണമായും മാറ്റിവരയ്ക്കും.
മാറുന്ന പ്രധാന നിയമങ്ങൾ:
1. വാടക വർദ്ധനവിന് കടുപ്പമേറിയ പരിധി: ഇനിമുതൽ ഉടമകൾക്ക് ഇഷ്ടാനുസരണം വാടക കൂട്ടാൻ കഴിയില്ല. വാടക വർദ്ധനവ് രാജ്യത്തെ പണപ്പെരുപ്പ നിരക്കിന് (Inflation) തുല്യമായിരിക്കണം. എന്നാൽ പണപ്പെരുപ്പം എത്ര തന്നെ കൂടിയാലും വാടക 2 ശതമാനത്തിൽ കൂടുതൽ വർദ്ധിപ്പിക്കാൻ നിയമം അനുവദിക്കില്ല. ഇത് സാധാരണക്കാരായ കുടുംബങ്ങൾക്ക് തങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ കൃത്യമായി പ്ലാൻ ചെയ്യാൻ സഹായിക്കും.
2. 6 വർഷത്തെ സുരക്ഷിതമായ താമസം: പുതിയ നിയമപ്രകാരം, ഒരാൾ ഒരു വീട്ടിൽ താമസിച്ച് 6 മാസം പിന്നിട്ടാൽ, അവർക്ക് അവിടെ 6 വർഷം വരെ തുടർച്ചയായി താമസിക്കാനുള്ള നിയമപരമായ അവകാശം ലഭിക്കും. ഇതിനെ ‘ടെനൻസി ഓഫ് മിനിമം ഡ്യൂറേഷൻ’ (TMD) എന്ന് വിളിക്കുന്നു. മതിയായ കാരണമില്ലാതെ ഈ കാലാവധിക്കുള്ളിൽ താമസക്കാരെ ഒഴിപ്പിക്കാൻ ഉടമയ്ക്ക് കഴിയില്ല.
3. വലിയ കെട്ടിട ഉടമകൾക്ക് കർശന നിയന്ത്രണം: നാലോ അതിലധികമോ വീടുകളോ അപ്പാർട്ട്മെന്റുകളോ ഉള്ള വലിയ ഉടമകൾക്ക് (Institutional Landlords), വീട് വിൽക്കാനോ അറ്റകുറ്റപ്പണി നടത്താനോ വേണ്ടി താമസക്കാരെ ഒഴിപ്പിക്കാൻ ഇനി സാധിക്കില്ല. വീട് വിറ്റാലും പുതിയ ഉടമയ്ക്ക് കീഴിൽ പഴയ വാടകക്കാരന് തന്നെ അവിടെ തുടരാം.
4. ആറാം വർഷത്തെ വാടക മാറ്റം (Market Reset): ആറ് വർഷം പൂർത്തിയാകുമ്പോൾ വാടക നിലവിലെ മാർക്കറ്റ് നിരക്കിലേക്ക് മാറ്റാൻ ഉടമയ്ക്ക് അധികാരമുണ്ടാകും. ഇതിനെ ‘മാർക്കറ്റ് റീസെറ്റ്’ എന്ന് വിളിക്കുന്നു. ഇത് ആറാം വർഷം വാടക പെട്ടെന്ന് വർദ്ധിക്കാൻ കാരണമായേക്കാം എന്നൊരു ആശങ്കയും നിലനിൽക്കുന്നുണ്ട്.

