24 മണിക്കൂറിനിടെ 1,400 ഭൂകമ്പങ്ങളുണ്ടായതിനെത്തുടർന്നു യൂറോപ്യൻ രാജ്യമായ ഐസ്‌ലൻഡിൽ അടിയന്തരാവസ്ഥ. വ്യാഴാഴ്ച പുലർച്ചെ ഒന്നിന് റിക്റ്റർ സ്കെയ്‌ലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായതോടെയായിരുന്നു തുടക്കം. പിന്നീട് ഒന്നിനു പിറകെ ഒന്നായി പ്രകമ്പനങ്ങൾ തുടരുകയാണ്.
ഗ്രീൻലൻഡിന്‍റെ തെക്കേ അറ്റത്തെ റെയ്ക്ജാനസ് ഉപദ്വീപാണ് പ്രഭവകേന്ദ്രം. ഗ്രീൻലൻഡിനും യൂറോപ്പിനും ഇടയ്ക്കാണ് ഐസ്‍ലൻഡ് സ്ഥിതി ചെയ്യുന്നത്. തുടർച്ചയായ പ്രകമ്പനങ്ങൾ അഗ്നിപർവത സ്ഫോടനത്തിന് കാരണമാകുമെന്ന റിപ്പോർട്ടിനെ തുടർന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.വിനോദസഞ്ചാരകേന്ദ്രമായ ബ്ലൂ ലഗൂണും ആഡംബര ഹോട്ടലുകളും അടച്ചു. പ്രശസ്തമായ റിട്രീറ്റ് ഹോട്ടലിനു മുന്നിലുള്ള റോഡിലേക്ക് അഗ്നിപർവത ലാവ ഒഴുകിയെത്തിയതോടെ ഇവിടെ ഗതാഗതം നിർത്തി.
5.2 തീവ്രതയിലുള്ള പ്രകമ്പനമായിരുന്നു ഏറ്റവും ശക്തിയേറിയത്. തെക്കൻതീരത്തെ വീടുകളിൽ ജനാലകളും വീട്ടുപകരണങ്ങളും ഇളകിവീണു. ആൾനാശമോ കാര്യമായ നാശനഷ്ടമോ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.
ഇനിയും ഭൂചലനകൾ ഉണ്ടായേക്കാമെന്നും അത് ഉപരിതലത്തില്‍ ദൃശ്യമായാൽ പൊട്ടിത്തെറിയായി മാറുമെന്നും ഡിപ്പാർട്ട്മെന്‍റ് ഒഫ് സിവിൽ പ്രൊട്ടക്ഷൻ ആൻഡ് എമർജൻസി മാനെജ്മെന്‍റും ഐസ്‌ലൻഡിക് മെറ്റ് ഓഫിസും (ഐഎംഒ) മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ഒക്റ്റോബർ മുതൽ ഉപദ്വീപിൽ ചെറിയ തോതിലുള്ള 24,000 ഭൂചലനങ്ങളാണു രേഖപ്പെടുത്തിയത്.
ജനങ്ങൾ അഗ്നിപർവത സ്ഫോടനമുണ്ടാകുമെന്ന ഭീതിയിലാണെന്ന് വാർത്താ ഏജൻസി പറഞ്ഞു. റെയ്ക്ജാനസ് ഉപദ്വീപിലെ തോർബോൺ പർവതത്തിന് രണ്ടാഴ്ചയായി തുടരുന്ന ഭൂചലനങ്ങളിൽ ഇളക്കംതട്ടിയിട്ടുണ്ട്. ഭൂതലത്തിന് അഞ്ചു കിലോമീറ്റർ താഴെ അഗ്നിപർതം തിളച്ചുമറിയുന്നു. ഒക്റ്റോബർ 27നു ശേഷം ഈ മേഖല ഒമ്പതു സെന്‍റിമീറ്റർ ഉയർന്നതായും ഐസ്‌ലൻഡ് മെറ്റ് ഓഫിസ് പറഞ്ഞു.
വടക്കൻ അറ്റ്‌ലാന്‍റിക്കിൽ അഗ്നിപർവത സ്ഫോടന സാധ്യതയുള്ള മേഖലയിലാണ് ഐസ്‌ലൻഡ് സ്ഥിതി ചെയ്യുന്നത്. നാല്- അഞ്ച് വർഷത്തിനിടെ ഇവിടെ അഗ്നിപർവത ലാവ പുറത്തേക്കൊവുകാറുണ്ട്. 2010ൽ ഐജാഫ്ജലജോകുൾ അഗ്നിപർവതം പൊട്ടിത്തെറിച്ചതിനെത്തുടർന്ന് ധൂമപടലങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞിരുന്നു. യൂറോപ്പിൽ വ്യോമപാത അടയ്ക്കേണ്ടിവന്നു ഇതുമൂലം.