ലിമെറിക് – മെച്ചപ്പെട്ട ജീവിതം തേടി അമേരിക്കയിൽ നിന്ന് ഐർലൻഡിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തിൽ 96% വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ പ്രവണതയുടെ ഭാഗമായി, നിക്ക് ഹൗളി (41), ഭർത്താവ് ബ്രെൻഡൻ റോഡി (45) എന്നിവർ യുഎസിലെ മെയിനിൽ നിന്ന് ലിമെറിക്കിലേക്ക് താമസം മാറ്റി. റോഡിയുടെ കലാപഠനത്തിനായി 2024 ഒക്ടോബറിലാണ് ഇവർ ആദ്യം ഇവിടെയെത്തിയത്.
ഒരു വർഷത്തെ താമസമായിരുന്നു ഇവരുടെ ആദ്യ പദ്ധതി. എന്നാൽ, ഹൗളിയുടെ അമേരിക്കൻ കമ്പനി ഐർലൻഡിൽ സ്ഥിരം ജോലി വാഗ്ദാനം ചെയ്തതോടെ, ഇവർ ലിമെറിക്കിൽ തുടരാൻ തീരുമാനിച്ചു. റോഡിയുടെ മുത്തശ്ശീമുത്തശ്ശന്മാർക്ക് ഐറിഷ് ബന്ധമുള്ളതിനാൽ 2017-ലെ മധുവിധു യാത്ര മുതൽ ഇവർക്ക് ഐർലൻഡിനോട് പ്രത്യേക അടുപ്പമുണ്ടായിരുന്നു.
രാഷ്ട്രീയ സാഹചര്യങ്ങളും സാമ്പത്തിക ലാഭവും
ഈ മാറ്റത്തിന് പിന്നിൽ പല കാരണങ്ങളുണ്ടെന്ന് ഹൗളി പറയുന്നു: സാമ്പത്തികമായി ലാഭമുണ്ടാകാനുള്ള സാധ്യത, യുഎസിലെ വർദ്ധിച്ചുവരുന്ന “ഭയം ജനിപ്പിക്കുന്ന” സാഹചര്യം, ഒപ്പം ഐർലൻഡിൽ ജീവിക്കാനുള്ള ഇഷ്ടവും.
പ്രധാനമായും, അമേരിക്കൻ രാഷ്ട്രീയ സാഹചര്യങ്ങളാണ് ഇവർ ഇവിടെത്തന്നെ തുടരാൻ ഒരു കാരണം. 2016-ൽ ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം വാഷിംഗ്ടൺ ഡിസിയിൽ തങ്ങൾക്ക് ഒരു മാറ്റം അനുഭവപ്പെട്ടതായി ഹൗളി ഓർത്തെടുത്തു. യുഎസ് സുപ്രീം കോടതിയിൽ നിലവിലുള്ള ഒരു കേസ് ഫെഡറൽ തലത്തിൽ തങ്ങളുടെ വിവാഹ ബന്ധത്തെ അസാധുവാക്കിയേക്കുമോ എന്ന ആശങ്കയിലാണ് ഇവർ. “ഇത് ശരിക്കും പേടിപ്പെടുത്തുന്നതാണ്“, ഹൗളി പറഞ്ഞു. റോ v. വേഡ് പോലുള്ള സുപ്രധാന വിധികൾ തിരുത്തിയെഴുതുന്നതും യുഎസിലെ ജീവിതം ഭയപ്പെടുത്തുന്നതായി ഇദ്ദേഹം കൂട്ടിച്ചേർത്തു.
വാടക വീടുകളിൽ നിന്ന് സ്വന്തം വീട്ടിലേക്ക്
തുടക്കത്തിൽ, രണ്ട് കിടപ്പുമുറികളുള്ള അപ്പാർട്ട്മെന്റിന് പ്രതിമാസം €3,000 വാടക നൽകേണ്ടിവന്നത് താമസസ്ഥലം മാറാൻ ഇവരെ പ്രേരിപ്പിച്ചു. മെയിനിലെ വീട് വിറ്റ പണവും ഹൗളിക്ക് ലഭിച്ച ക്രിട്ടിക്കൽ സ്കിൽസ് വിസയും ഉപയോഗിച്ച് ഇവർ മോർട്ട്ഗേജിന് അപേക്ഷിച്ചു. മോർട്ട്ഗേജ് തുക നിലവിലെ വാടകയുടെ പകുതിയിൽ താഴെ മാത്രമായിരിക്കുമെന്ന് ഇവർ കണ്ടെത്തി.
ഐറിഷ് റിയൽ എസ്റ്റേറ്റ് വിപണിയിലെ “ബിഡ്ഡിംഗ് വാറുകൾ”, പെട്ടെന്ന് കരാറിൽ നിന്ന് പിന്മാറി മറ്റൊരാൾക്ക് വിൽക്കുന്ന ‘ഗസുംപിംഗ്’ എന്ന രീതി എന്നിവ പുതിയ അനുഭവങ്ങളായിരുന്നു. എങ്കിലും, മോർട്ട്ഗേജ് അംഗീകാരം ലഭിച്ച് 20 ദിവസങ്ങൾക്കകം ലിമെറിക്കിലെ കോർബാലിയിൽ മൂന്ന് കിടപ്പുമുറികളുള്ള സെമി-ഡിറ്റാച്ച്ഡ് വീട് വാങ്ങാൻ ഇവർക്ക് കഴിഞ്ഞു. ഈ മാസം തന്നെ വീടിന്റെ വിൽപ്പന നടപടികൾ പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ദമ്പതികൾ.

