ലിമെറിക്ക്: അയർലണ്ടിലെ ലിമെറിക്കിൽ വാടക വീടിന്റെ പേരിൽ വൻ തട്ടിപ്പ്. ഒരു വീട്ടിൽ നാല് മുതൽ ആറ് വരെ ആളുകൾക്ക് താമസിക്കാം എന്ന ധാരണയിൽ 18 അന്താരാഷ്ട്ര വിദ്യാർത്ഥികളെയാണ് വീട്ടുടമസ്ഥൻ കബളിപ്പിച്ചത്. ടി.യു.എസ് (ടെക്‌നോളജിക്കൽ യൂണിവേഴ്സിറ്റി ഓഫ് ദ സൗത്ത്) വിദ്യാർത്ഥികളാണ് തട്ടിപ്പിന് ഇരയായത്. പ്രധാനമായും ഇന്ത്യയിൽ നിന്നുള്ളവരാണ് ഈ വിദ്യാർത്ഥികൾ.
ഓരോ വിദ്യാർത്ഥിയും പ്രതിമാസം €500 വാടകയും €500 ഡെപ്പോസിറ്റും നൽകിയിരുന്നു. ഇതിലൂടെ വീട്ടുടമസ്ഥൻ പ്രതിമാസം €9,000 വാടക ഇനത്തിൽ മാത്രം സമ്പാദിച്ചു. രണ്ട് കിടപ്പുമുറികളും ഒരു ചെറിയ ലിവിംഗ് ഏരിയയും മാത്രമുള്ള വീട്ടിലാണ് 18 വിദ്യാർത്ഥികളെ താമസിപ്പിച്ചത്. ഇതിൽ ആറുപേർ ഗ്രൗണ്ട് ഫ്ലോറിലും, ആറുപേർ ഒന്നാം നിലയിലും, ബാക്കി ആറുപേർ അറ്റാച്ചിഡ് റൂമിലുമായിരുന്നു താമസം. ഒരു ചെറിയ അടുക്കള മാത്രമുണ്ടായിരുന്നതിനാൽ വിദ്യാർത്ഥികൾക്ക് ഭക്ഷണം പാചകം ചെയ്യാൻ ബുദ്ധിമുട്ട് നേരിട്ടു. അതിനാൽ പലരും മുറികളിൽ വെച്ച് തന്നെ ഭക്ഷണം പാകം ചെയ്യാൻ തുടങ്ങി. വിദ്യാർത്ഥികളുടെ ദുരവസ്ഥ ശ്രദ്ധയിൽപ്പെട്ട TUS സ്റ്റുഡന്റ്സ് യൂണിയൻ ഉടൻ തന്നെ വിഷയത്തിൽ ഇടപെട്ടു. യൂണിയൻ ഡെപ്യൂട്ടി പ്രസിഡന്റ് ഗിയറോയിഡ് ഫോളാൻ വിദ്യാർത്ഥികളെ നേരിട്ട് സന്ദർശിച്ചു. സ്ഥിതി കണ്ടപ്പോൾ താൻ “ഞെട്ടലും ഭയവും” അനുഭവിച്ചെന്ന് അദ്ദേഹം പറഞ്ഞു. “വിദ്യാഭ്യാസം തേടി വിദേശത്ത് നിന്ന് എത്തിയ ഈ വിദ്യാർത്ഥികളെ പൂർണ്ണമായും ചൂഷണം ചെയ്യുകയായിരുന്നു. രണ്ട് ബെഡ്റൂം മാത്രമുള്ള വീട്ടിൽ 18 പേർക്ക് താമസിക്കാൻ അവർ ഓരോരുത്തരും €500 നൽകുന്നത് തികച്ചും അസ്വീകാര്യമാണ്. ഒരു വീട്ടുടമസ്ഥനെയും ഈ രീതിയിൽ വിദ്യാർത്ഥികളെ ചൂഷണം ചെയ്യാൻ അനുവദിക്കരുത്,” ഫോളാൻ പറഞ്ഞു.
TUS ഗ്ലോബൽ ഇടപെട്ടതിനെത്തുടർന്ന് ദുരിതത്തിലായ വിദ്യാർത്ഥികൾക്ക് ഇന്നലെ രാത്രി മുതൽ ബദൽ താമസ സൗകര്യം ലഭ്യമാക്കി. കൂടാതെ, ഈ വിഷയം ഗാർഡയിൽ (അയർലണ്ടിലെ പോലീസ് സേന) റിപ്പോർട്ട് ചെയ്യാൻ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. യൂണിയൻ വിദ്യാർത്ഥികൾക്ക് തുടർന്നും എല്ലാ പിന്തുണയും നൽകുമെന്ന് അറിയിച്ചു.
ഈ വിഷയത്തിൽ സോഷ്യൽ ഡെമോക്രാറ്റുകളുടെ ടി.ഡി (പാർലമെന്റ് അംഗം) ജെൻ കമ്മിൻസ് വീട്ടുടമസ്ഥന്റെ നടപടിയെ ശക്തമായി വിമർശിച്ചു. “ഇതൊരു ഭവന പ്രശ്നം മാത്രമല്ല, ഇത് വിദ്യാഭ്യാസപരമായ ഒരു പ്രശ്‌നം കൂടിയാണ്. എവിടെ കിടക്കും, എങ്ങനെ പാചകം ചെയ്യും, സാധനങ്ങൾ സുരക്ഷിതമാണോ എന്ന് ആശങ്കയിലുള്ള വിദ്യാർത്ഥികൾ എങ്ങനെ പഠനത്തിൽ വിജയിക്കും? ഈ സാഹചര്യങ്ങളിൽ പഠനം അസാധ്യമാണ്,” അവർ പറഞ്ഞു.
ലിമെറിക്കിലും അയർലണ്ടിലുടനീളമുള്ള വിദ്യാർത്ഥികളുടെ താമസ പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഭവം എടുത്തുകാട്ടുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികളെ ചൂഷണം ചെയ്ത പ്രസ്തുത വീട് ഇപ്പോഴും വാടകയ്ക്ക് പരസ്യം ചെയ്തിട്ടുണ്ടെന്ന് ലൈവ്95 റിപ്പോർട്ട് ചെയ്തു. അധികാരികൾ ഈ വിഷയത്തിൽ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യമുയരുന്നു.