Malayalam actor Kannan Pattambi passes away: കൊച്ചി: നടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി (62) അന്തരിച്ചു. പ്രശസ്ത സംവിധായകനും നടനുമായ മേജർ രവിയുടെ സഹോദരനാണ്. ഇന്നലെ രാത്രി 11.40 ഓടെയായിരുന്നു അന്ത്യം. മരണവാർത്ത മേജർ രവി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് പട്ടാമ്പി ഞാങ്ങാട്ടിരിയിലെ വസതിയിൽ നടക്കും.
പുലിമുരുകൻ, പുനരധിവാസം, അനന്തഭദ്രം, ഒടിയൻ, കീർത്തിചക്ര, വെട്ടം, ക്രേസി ഗോപാലൻ, കാണ്ഡഹാർ, തന്ത്ര, 12 th മാൻ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. റിലീസ് ചെയ്യാനിരിക്കുന്ന ‘റേച്ചൽ’ എന്ന സിനിമയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.
മേജർ രവി, ഷാജി കൈലാസ്, വി.കെ.പ്രകാശ്, സന്തോഷ് ശിവൻ, കെ.ജെ.ബോസ്, അനിൽ മേടയിൽ തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളിൽ പ്രൊഡക്ഷൻ കൺട്രോളർ ആയിരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവർത്തിച്ചിട്ടുണ്ട്.
പരേതരായ കുട്ടിശങ്കരൻ – സത്യഭാമ ദമ്പതിമാരുടെ മകനാണ് കണ്ണൻ പട്ടാമ്പി. സഹോദരൻ മേജർ രവിയുമായി അദ്ദേഹത്തിന് വളരെ അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നത്. കണ്ണൻ പട്ടാമ്പിയുടെ വിയോഗത്തിൽ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ അനുശോചനം രേഖപ്പെടുത്തി.

