ദുബായ്: യുഎഇയുടെ വിസ നിയമങ്ങളിൽ വലിയ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്‌റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) ആണ് ഇന്ന് (സെപ്റ്റംബർ 29) പുതിയ നിയമങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രത്യേക വൈദഗ്ധ്യമുള്ള പ്രവാസികളെയും നിക്ഷേപകരെയും ആകർഷിക്കുന്നതിനും സാമൂഹിക പിന്തുണ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഈ മാറ്റങ്ങൾ.
പുതിയ നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട കൂട്ടിച്ചേർക്കൽ നാല് പുതിയ സന്ദർശക വിസ വിഭാഗങ്ങളാണ്. നിർമിത ബുദ്ധി (Artificial Intelligence), വിനോദം (Commercial Gaming), ഇവൻ്റ് മേഖല (Event), ക്രൂയിസ് കപ്പൽ യാത്രക്കാർ/ജീവനക്കാർ (Cruise Ship & Leisure Boat) എന്നീ മേഖലകളിലെ വിദഗ്ധരെ ലക്ഷ്യമിട്ടാണ് ഈ വിസകൾ.
പരിഷ്കരിച്ച വിസ നിയമങ്ങളിലെ മറ്റ് പ്രധാന വിവരങ്ങൾ:
- മാനുഷിക താമസാനുമതി (Humanitarian Residence Permit): പ്രത്യേക മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് ഒരു വർഷത്തേക്ക് മാനുഷിക താമസാനുമതി അനുവദിക്കും. അതോറിറ്റിയുടെ തീരുമാനപ്രകാരം ഇതിന്റെ കാലാവധി നീട്ടാവുന്നതാണ്.
- വിധവകൾക്കും വിവാഹമോചിതർക്കുമുള്ള താമസാനുമതി: വിദേശ പൗരന്റെ വിധവയ്‌ക്കോ വിവാഹമോചിതയ്ക്കോ നിർദിഷ്ട വ്യവസ്‌ഥകൾക്ക് വിധേയമായി ഒരു വർഷത്തേക്ക് താമസാനുമതി ലഭിക്കും. സമാനമായ കാലയളവിലേക്ക് ഇത് പുതുക്കാനും സാധിക്കും.
- സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമുള്ള വിസ: സ്‌പോൺസറുടെ വരുമാനത്തെ ആശ്രയിച്ച് മൂന്നാം തലമുറയിലുള്ള സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വരെ യുഎഇയിലേക്ക് കൊണ്ടുവരാൻ കഴിയുന്ന പുതിയ വിസിറ്റ് വിസ അനുവദിക്കും.
- ബിസിനസ് എക്സ്പ്ലൊറേഷൻ വീസ (Business Exploration Visa): യുഎഇയിൽ കമ്പനി സ്‌ഥാപിക്കാൻ സാമ്പത്തിക ശേഷി തെളിയിക്കുന്നവർക്കോ, രാജ്യത്തിന് പുറത്തുള്ള കമ്പനിയിൽ ഓഹരി ഉടമസ്ഥതയുള്ളവർക്കോ, അല്ലെങ്കിൽ ഉയർന്ന പ്രൊഫഷണൽ വൈദഗ്ധ്യം തെളിയിക്കുന്നവർക്കോ ഈ വിസ ലഭിക്കാൻ അർഹതയുണ്ട്.
- ട്രക്ക് ഡ്രൈവർ വീസ: ഈ വിസയ്ക്ക് ഇപ്പോൾ സ്‌പോൺസറുടെ സാന്നിധ്യം, ആരോഗ്യ സംരക്ഷണം, സാമ്പത്തിക ഗ്യാരണ്ടി എന്നിവ നിർബന്ധമാക്കി.
- കാലാവധി വ്യക്തത: ഓരോ വീസാ വിഭാഗത്തിന്റെയും താമസ കാലാവധിയും അത് നീട്ടുന്നതിനുള്ള വ്യവസ്ഥകളും വ്യക്തമാക്കുന്ന കൃത്യമായ ഷെഡ്യൂളുകൾ പുറത്തിറക്കിയിട്ടുണ്ട്.
യുഎഇയുടെ വികസിച്ചുവരുന്ന സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും ലോകമെമ്പാടുമുള്ള പ്രത്യേക വൈദഗ്ധ്യമുള്ള പ്രവാസികളെ രാജ്യത്തേക്ക് ആകർഷിക്കുന്നതിനും ഈ പുതിയ വിസ നിയമങ്ങൾ നിർണായകമാകും എന്നാണ് വിലയിരുത്തൽ.

