ലോകത്തെമ്പാടുമുള്ള കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട കളിപ്പാട്ടമാണ് മറ്റേലിൻ്റെ ബാർബി ഡോളുകൾ. അധ്യാപിക, ഡോക്ടർ, ഫാഷൻ മോഡൽ, പൈലറ്റ്, ബഹിരാകാശയാത്രിക ഇങ്ങനെ പല മോഡൽ ബാർബികളും നമ്മൾ കണ്ടിട്ടുണ്ട്. അടുത്തിടെ പരമ്പരാഗത മോഡലുകളിൽ നിന്ന് വ്യത്യസ്തമായ ബാർബികളും മറ്റേൽ അവതരിപ്പിച്ചു തുടങ്ങി. ലോകത്തെക്കുറിച്ചുള്ള കുട്ടികളുടെ ആദ്യകാല ധാരണകൾ രൂപപ്പെടുത്താനാണ് മറ്റേൽ ഇത്തരം മോഡലുകൾ പുറത്തിറക്കുന്നത്. ഇപ്പോൾ ടൈപ്പ് 1 പ്രമേഹരോഗമുള്ള സുന്ദരി ബാർബി മോഡലിനെ കുട്ടികൾക്കായി അവതരിപ്പിച്ചിരിക്കുകയാണ് മറ്റേൽ.
ബാർബിയുടെ ഫാഷനിസ്റ്റാസ് നിരയുടെ ഭാഗമായാണ് ഈ പാവ പുറത്തിറക്കിയിരിക്കുന്നത്. ശരീരത്തിൽ ഘടിപ്പിച്ച ഗ്ലൂക്കോസ് മോണിറ്റർ, ഇൻസുലിൻ പമ്പ്, അടിയന്തര ലഘുഭക്ഷണങ്ങൾ കൊണ്ടുപോകാൻ പര്യാപ്തമായ ഒരു ബാഗ് എന്നിവയോടെയാണ് പ്രമേഹരോഗിയായ ബാർബി വിപണിയിലെത്തുന്നത്.
ബ്രേക്ക്‌ത്രൂ T1D എന്ന പ്രമേഹ ഗവേഷണ സ്ഥാപനവുമായി സഹകരിച്ചാണ് മാറ്റൽ പാവയെ സൃഷ്ടിച്ചത്. പുതിയ പാവ കൂടുതൽ കുട്ടികൾക്ക് ആത്മവിശ്വാസം നൽകുമെന്നും ഒരു കുട്ടിയുടെ ജീവിതാനുഭവത്തിനപ്പുറത്തേക്ക് നീളാൻ സഹായിക്കുമെന്നും കമ്പനി പറയുന്നു. “ടൈപ്പ് 1 പ്രമേഹമുള്ള ഒരു ബാർബി ഡോളിനെ അവതരിപ്പിക്കുന്നത് വഴി, എല്ലാ കുട്ടികളുടെയും പ്രാതിനിധ്യത്തിനുള്ള ഞങ്ങളുടെ പ്രതിബദ്ധത അടയാളപ്പെടുത്തുകയാണ് ഞങ്ങൾ,” ബാർബിയുടെ സീനിയർ വൈസ് പ്രസിഡന്റും മറ്റേൽ പാവകളുടെ ആഗോള മേധാവിയുമായ ക്രിസ്റ്റ ബെർഗർ ഒരു പത്രക്കുറിപ്പിൽ പറഞ്ഞു.

എന്താണ് ടൈപ്പ് 1 പ്രമേഹം?
സാധാരണയായി കുട്ടിക്കാലത്തോ കൗമാരത്തിലോ ആരംഭിക്കുന്ന ഒരു ഓട്ടോ ഇമ്യൂൺ രോഗാവസ്ഥയാണ് ടൈപ്പ് 1 പ്രമേഹം അഥവാ ജുവനൈൽ പ്രമേഹം. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം പാൻക്രിയാസിലെ ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്ന കോശങ്ങളെ ആക്രമിക്കുകയും, വൈദ്യസഹായം കൂടാതെ വ്യക്തിക്ക് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ കഴിയാതെ വരികയും ചെയ്യുന്നു. ടൈപ്പ് 2 പ്രമേഹത്തിൽ നിന്ന് വ്യത്യസ്തമായി, ഇത് ജീവിതശൈലിയുമായി ബന്ധപ്പെട്ടതല്ല. ചികിത്സിച്ച് ഭേദമാക്കാൻ കഴിയാത്ത ഈ രോഗത്തിന് നിരന്തരമായ ജാഗ്രത ആവശ്യമാണ്.
ടൈപ്പ് 1 പ്രമേഹം കണ്ടെത്തിയ കുട്ടികളുടെ എണ്ണം ആഗോളതലത്തിൽ വർധിച്ചുവരികയാണ്. ഇന്ത്യയിലാണ് ഏറ്റവുമധികം രോഗികളുള്ളത്. 0-19 വയസ്സ് പ്രായമുള്ള ഒരു ദശലക്ഷത്തിലധികം കുട്ടികൾക്ക് നിലവിൽ ടൈപ്പ് 1 പ്രമേഹ രോഗമുണ്ട്. നഗരപ്രദേശങ്ങളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. ഹരിയാനയിൽ നിന്നുള്ള ഡാറ്റ പ്രകാരം ഗ്രാമപ്രദേശങ്ങളിലെ കുട്ടികളെ അപേക്ഷിച്ച് നഗരപ്രദേശങ്ങളിലെ കുട്ടികളെ ഇത് ബാധിക്കാനുള്ള സാധ്യത ആറ് മടങ്ങ് കൂടുതലാണ്.