ഐഎസ്ആർഒയുടെ നൂറാം ദൗത്യത്തിനായുള്ള 27 മണിക്കൂർ കൗണ്ട്ഡൗൺ ശ്രീഹരികോട്ടയിൽ ആരംഭിച്ചു. നാളെ രാവിലെ 6:23 ന് രണ്ടാമത്തെ ലോഞ്ച് പാഡിൽ നിന്നാണ് ജിഎസ്എൽവി റോക്കറ്റിൽ നാവിഗേഷൻ ഉപഗ്രഹം വിക്ഷേപിക്കുന്നത്. വിക്ഷേപണത്തിനു മുന്നോടിയായി ഇന്നു പുലർച്ചെ 2:53 ന് കൗണ്ട്ഡൗൺ ആരംഭിച്ചതായി ഐഎസ്ആർഒ അറിയിച്ചു. ജനുവരി 13ന് ചുമതലയേറ്റ ഐഎസ്ആർഒ ചെയർമാൻ വി നാരായണൻ്റെ ആദ്യ ദൗത്യമാണിത്.
ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (GSLV), അതിൻ്റെ പതിനേഴാമത്തെ വിക്ഷേപണത്തിലൂടെയാണ് നൂറാം ദൗത്യമെന്ന ചരിത്ര നേട്ടം കൈവരിക്കുന്നത്. യു ആർ സാറ്റലൈറ്റ് സെൻ്റർ രൂപകല്പന ചെയ്ത് വികസിപ്പിച്ചെടുത്ത എൻവിഎസ്-02 ഉപഗ്രഹത്തിന് ഏകദേശം 2,250 കിലോഗ്രാം ഭാരമുണ്ട്, കൂടാതെ എൽ1, എൽ5, എസ് ബാൻഡുകളിലെ നാവിഗേഷൻ പേലോഡുകളും മുൻപ് വിക്ഷേപിച്ച എൻവിഎസിന് സമാനമായി സി-ബാൻഡിൽ പേലോഡും സജ്ജീകരിച്ചിരിക്കുന്നു. 2023 മേയ് 29 ന് വിക്ഷേപിച്ച രണ്ടാം തലമുറ ഉപഗ്രഹങ്ങളിൽ ആദ്യത്തേതായ NVS-01 ഉപഗ്രഹത്തിന് തുടര്‍ച്ചയായിട്ടാണ് GSLV-F12 ദൗത്യം.
ഭൗമ, വ്യോമ, സമുദ്ര നാവിഗേഷൻ, കൃത്യമായ കൃഷി, ഫ്ലീറ്റ് മാനേജ്മെൻ്റ്, മൊബൈൽ ഉപകരണങ്ങൾക്കുള്ള ലൊക്കേഷൻ അധിഷ്‌ഠിത സേവനങ്ങൾ, ഉപഗ്രഹങ്ങൾക്കായുള്ള ഭ്രമണപഥം നിർണ്ണയിക്കൽ, ഐഒടി അധിഷ്‌ഠിത ആപ്ലിക്കേഷനുകൾ, എമർജൻസി, ടൈമിംഗ് സേവനങ്ങൾ എന്നിവ ഉപഗ്രഹത്തിൻ്റെ പ്രധാന ആപ്ലിക്കേഷനുകളിൽ ഉൾപ്പെടുമെന്ന് ഐഎസ്ആർഒ അറിയിച്ചു. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്‌പേസ് സെൻ്ററിൽ മൂന്നാം ലോഞ്ച് പാഡ് (ടിഎൽപി) സ്ഥാപിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ നേരത്തെ അംഗീകാരം നൽകിയിരുന്നു. ഐഎസ്ആർഒയുടെ നെക്സ്റ്റ് ജനറേഷൻ ലോഞ്ച് വെഹിക്കിളുകൾക്കായും (എൻജിഎൽവി) നിലവിലുള്ള സെക്കൻഡ് ലോഞ്ച് പാഡിൻ്റെ (എസ്എൽപി) ബാക്കപ്പായി പ്രവർത്തിക്കാനും പുതിയ പദ്ധതി ലക്ഷ്യമിടുന്നു. ഭാവിയിലെ മനുഷ്യ ബഹിരാകാശ യാത്രകൾക്കും പര്യവേക്ഷണ ദൗത്യങ്ങൾക്കുമുള്ള ഇന്ത്യയുടെ ചുവടുവയ്പ്പുകൾക്കും മൂന്നാം ലോഞ്ച് പാഡ് നിർണായകമാണ്