പൗരത്വഭേദഗതി നിയമപ്രകാരം രാജ്യത്ത് 14 പേര്‍ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ലയാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. ആദ്യം അപേക്ഷിച്ച 14 പേര്‍ക്കാണ് സിഎഎ സര്‍ട്ടിഫിക്കറ്റുകള്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ വഴി ലഭിച്ച അപേക്ഷകളിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതെന്ന് ആഭ്യന്തരമന്ത്രാലയ വക്താവ് അറിയിച്ചു.
മാര്‍ച്ച് 11 നാണ് കേന്ദ്രസര്‍ക്കാര്‍ സിഎഎ വിജ്ഞാപനം പുറത്തിറക്കിയത്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹരജികള്‍ സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കെയാണ് സര്‍ക്കാര്‍ നീക്കം. ഡല്‍ഹിയിൽ ബുധനാഴ്ച 300 പേർക്ക് സി.എ.എ പ്രകാരം പൗരത്വം നൽകുമെന്നും സി.എ.എ രാജ്യത്തെ നിയമമാണെന്നും കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.
സി.എ.എ. ചോദ്യംചെയ്തുള്ള വിവിധ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഹര്‍ജികളില്‍ സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചെങ്കിലും സ്റ്റേ ചെയ്തിരുന്നില്ല. 2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി നിയമം ലോക്‌സഭ പാസാക്കിയത്. 2020 ജനുവരി 10-ന് നിയമം നിലവില്‍ വന്നെങ്കിലും ചട്ടങ്ങള്‍ രൂപീകരിക്കാത്തതിനാല്‍ നടപ്പാക്കിയിരുന്നില്ല.
1955-ലെ പൗരത്വനിയമത്തില്‍ ഭേദഗതി വരുത്തിയതാണു പുതിയ നിയമം. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജെയിന്‍, ക്രിസ്ത്യന്‍, ബുദ്ധ, പാഴ്‌സി മതവിശ്വാസികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നിയമ ഭേദഗതിയാണ് പാര്‍ലമെന്റ് പാസാക്കിയിരുന്നത്. മുൻപ് കുറഞ്ഞതു 11 വര്‍ഷം രാജ്യത്ത് സ്ഥിരതാമസമായവര്‍ക്കു മാത്രമാണു പൗരത്വം നല്‍കിയിരുന്നത്. നിലവിലെ ഭേദഗതി പ്രകാരം ഇത് ആറു വര്‍ഷമായി ചുരുങ്ങി. 2014 ഡിസംബര്‍ 31-ന് മുന്‍പ് ഇന്ത്യയില്‍ എത്തിയവര്‍ക്കാണ് പൗരത്വത്തിനായി അപേക്ഷ നല്‍കാന്‍ കഴിയുകയെന്നാണ് നിയമത്തില്‍ വ്യവസ്ഥചെയ്തിരിക്കുന്നത്.
സെൻസസ് കോർപറേഷൻ ഡയറക്ടർ മേൽനോട്ടം വഹിക്കുന്ന എംപവേഡ് കമ്മിറ്റി സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 14 അപേക്ഷകർക്ക് പൗരത്വം നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്നു കേന്ദ്ര സർക്കാർ പറഞ്ഞു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ സംസ്ഥാനത്ത് സിഎഎ നടപ്പാക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ രാജ്യവ്യാപകമായി സിഎഎ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പറഞ്ഞു.