വാട്ടർഫോർഡ്: കേരള മുസ്ലിം കമ്മ്യൂണിറ്റി അയർലൻഡ് (KMCI), ഹെൽപ്പിങ് ഹാൻഡ് വാട്ടർഫോർഡിനോട് ഒപ്പം ചേർന്ന് 2025 ഒക്ടോബർ 11-ന് ബാലിഗന്നർ GAA ക്ലബ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഫാമിലി ചാരിറ്റി മീറ്റ് വിജയകരമായി നടന്നു.
പരിപാടിയുടെ ഭാഗമായി, കെ.എം.സി.ഐ. അംഗങ്ങൾ ഫണ്ട് റൈസിംഗ് പരിപാടികളിലൂടെ സമാഹരിച്ച ഭക്ഷ്യവസ്തുക്കളും സാമ്പത്തിക സഹായവും വാട്ടർഫോർഡ് മേയർ ശേമസ് റയൻ (Sèamus Ryan) മുഖേന ഹെൽപ്പിങ് ഹാൻഡ് വാട്ടർഫോർഡ് പ്രതിനിധികൾക്ക് കൈമാറി. ഈ പ്രവർത്തനത്തിന്റെ ലക്ഷ്യം ഭവനരഹിതർക്കും ആവശ്യമുള്ളവർക്കും ആഹാരവും അടിസ്ഥാനസഹായവും നൽകുക എന്നതായിരുന്നു.
കെ.എം.സി.ഐ. സെക്രട്ടറി ഫമീർ സി.കെ. സ്വാഗതപ്രസംഗം നടത്തി. ചെയർമാൻ അനസ് എം. സയ്യിദ് അധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷണത്തിൽ മേയർ ശേമസ് റയൻ, ഖുർആനിൽ പറയുന്ന ദാനധർമ്മത്തിന്റെ പ്രാധാന്യവും, പ്രവാചകൻ മുഹമ്മദ് നബിയുടെ (സ.അ) ഉപദേശങ്ങളും ഉദ്ധരിച്ച്, കരുണയും സമൂഹസേവനവും മനുഷ്യജീവിതത്തിന്റെ ആധാരമായ മൂല്യങ്ങളാണെന്ന് ഓർമ്മിപ്പിച്ചു.
ഹെൽപ്പിങ് ഹാൻഡ് വാട്ടർഫോർഡ്-ന്റെ വൈസ് ട്രഷറർ സ്റ്റെഫനി കീറ്റിംഗ്യും സെക്രട്ടറി മേരി ഡണ്ടണും പരിപാടിയിൽ സംസാരിച്ചു. അവർ വാട്ടർഫോർഡ് നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള പിന്നാക്ക വിഭാഗങ്ങൾക്ക് സഹായം നൽകുന്ന ഹെൽപ്പിങ് ഹാൻഡിന്റെ പ്രവർത്തനങ്ങളെയും, സമൂഹ സേവനത്തിൽ സംഘടനയുടെ പങ്കിനെയും വിശദീകരിച്ചു.
കെ.എം.സി.ഐ. ട്രഷറർ ജനീഷ് പുഴക്കൽ നന്ദിപ്രസംഗം നടത്തി, പരിപാടിയുടെ വിജയത്തിനായി സഹകരിച്ച എല്ലാവർക്കും ഹൃദയപൂർവ്വം ജനീഷ് നന്ദി അറിയിച്ചു.
15-ലധികം കുടുംബങ്ങളും 40-ലധികം അംഗങ്ങളും പങ്കെടുത്ത ഈ ഫാമിലി ചാരിറ്റി മീറ്റ് രുചികരമായ ഭക്ഷണവിരുന്നും വിനോദപരിപാടികളും കുടുംബസൗഹാർദ്ധവും നിറഞ്ഞ മനോഹരമായ അനുഭവമായി. ഈ പരിപാടി കെ.എം.സി.ഐ.യുടെ സാമൂഹിക ഉത്തരവാദിത്വം, മാനവസേവന മനോഭാവം, സാമൂഹിക ഐക്യം എന്നിവയെ പ്രതിഫലിപ്പിച്ചുകൊണ്ട് ഒരു മാതൃകാപരമായ പ്രവർത്തനമായി മാറി.

